മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളിലേക്ക്
കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്മീഷനും കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച ‘മനസിനൊരു കരുതല്‍’ കേരള റീജിയണല്‍ കോണ്‍ഫ്രന്‍സ് പാലാവട്ടം പിഒസിയില്‍ നടന്നു. മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളില്‍ നടപ്പിലാക്കുന്നതിനായുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.
സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ജോണ്‍ ജോഷി കെ.ജെ, സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മാനസികാരോഗ്യ ബോധവല്‍ക്കരണ കൈപുസ്തകത്തിന്റെ പ്രകാശനം, ചര്‍ച്ചകള്‍, ആത്മീയവും ശാസ്ത്രീയവുമായ രീതികള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗരേഖ എന്നിവ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരടക്കം 150-ഓളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ആധുനിക കാലഘട്ടത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ചര്‍ച്ച ചെയ്തു.
കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയാണ് കോണ്‍ ഫ്രന്‍സ് ഉദ്ഘാടനം ചെയ്തത്. സിബിസിഐ നാഷണല്‍ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.