ആർത്തവ അവധി : സ്ത്രീശാക്തീകരണമോ ജനപ്രീതി രാഷ്ട്രീയമോ?
(ചെയർമാൻ, പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്)
കേരളത്തിൽ ആർത്തവ അവധി സംബന്ധിച്ച സർക്കാർ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഈ തീരുമാനം യഥാർത്ഥ സ്ത്രീശാക്തീകരണത്തിലേക്കുള്ള ചുവടുവയ്പാണോ, അതോ സാമ്പത്തിക ബാധ്യതയില്ലാതെ കയ്യടി നേടാനുള്ള ജനപ്രീതി രാഷ്ട്രീയത്തിന്റെ (Populist Politics) മറ്റൊരു മുഖമാണോ എന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.
ગർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ പെൺകുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞ് ക്രൂരമായി ഗർഭഛിദ്രം നടത്തുന്ന ലോകത്താണ് നാം ജീവിക്കുന്നത്. അത്തരം സാഹചര്യത്തിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ സ്ത്രീകളുടെ ജീവിതത്തെ യഥാർത്ഥത്തിൽ മെച്ചപ്പെടുത്തുന്ന നടപടികൾക്കാണോ മുൻഗണന ലഭിക്കുന്നത് എന്നതാണ് ചോദ്യം.
ഇതുവരെ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും ആരോഗ്യപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് വിദ്യാർത്ഥിനികൾക്ക് അവധി അനുവദിക്കുന്ന രീതികൾ നിലവിലുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പ്രത്യേക 'ആർത്തവ അവധി' പ്രഖ്യാപിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പുതിയ പ്രശ്നം എന്താണ്?
ഈ ആശയത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണ്?
ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.
ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നിരവധി സ്ത്രീകൾ തന്നെ ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്.
സമൂഹത്തിൽ വ്യാപകമായ അഭിപ്രായസമന്വയം ഉണ്ടാക്കാതെ ഇത്തരം നയങ്ങൾ നടപ്പാക്കുന്നത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം.
സ്വകാര്യതയും പ്രായോഗിക ചോദ്യങ്ങളും
സ്ത്രീകളുടെ സ്വകാര്യതയും ഇവിടെ പ്രധാന വിഷയമാണ്.
ആർത്തവ അവധി ലഭിക്കുന്നതിനായി വിദ്യാർത്ഥിനികൾ തങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമോ?
സഹപാഠികൾക്കും അധ്യാപകർക്കും സ്ഥാപനങ്ങൾക്കും ഒരു വിദ്യാർത്ഥിനിയുടെ ആർത്തവ ദിനങ്ങൾ അറിയാനുള്ള സാഹചര്യം സ്വകാര്യതയുടെ ലംഘനമാകില്ലേ?
സ്ത്രീകളുടെ അന്തസ്സിനെയും വ്യക്തിസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പരീക്ഷാ ദിവസങ്ങളിൽ എന്ത് ചെയ്യും?
ആർത്തവ അവധിയെടുത്ത വിദ്യാർത്ഥിനികൾക്കായി പ്രത്യേക പരീക്ഷ നടത്തുമോ? ഹാജർ, മൂല്യനിർണയം, പഠനനഷ്ടം തുടങ്ങിയ വിഷയങ്ങളിൽ എന്ത് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്?
ഒരു ഭരണനടപടി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം പ്രായോഗിക ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
അന്താരാഷ്ട്ര അനുഭവങ്ങളും തൊഴിൽ വിപണിയിലെ ആശങ്കയും
ആർത്തവ അവധി നടപ്പിലാക്കിയ ജപ്പാൻ, തെക്കൻ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ പല വിദേശ രാജ്യങ്ങളിലെയും അനുഭവങ്ങൾ പരിശോധിച്ചാൽ, കരിയറിലെ വളർച്ചയെ ബാധിക്കുമെന്ന ഭയത്താലും സഹപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള വിവേചനം പേടിച്ചും ഭൂരിഭാഗം സ്ത്രീകളും ഈ അവധി എടുക്കാൻ മടിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രായോഗികതയില്ലാത്ത ഇത്തരം നിയമങ്ങൾ കേവലം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാനാണ് സാധ്യത.
മാത്രമല്ല, സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കുന്ന ഈ നയം നാളെ സ്വകാര്യ തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സമ്മർദ്ദമുണ്ടാകും. ഇത് സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാരെ ജോലിക്കെടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിയാൻ കാരണമായേക്കാം.
പുരുഷന്മാർക്ക് തുല്യമായി തൊഴിൽ വിപണിയിൽ മത്സരിക്കുന്ന സ്ത്രീകളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താനും ലിംഗവിവേചനത്തിന് പുതിയൊരു വഴിതുറക്കാനും മാത്രമേ ഇത് ഉപകരിക്കൂ.
രോഗാവസ്ഥയല്ല, സ്വാഭാവിക പ്രക്രിയ
സ്ത്രീകളെ ആദരിക്കേണ്ടത് അവരുടെ കഴിവിനെയും വ്യക്തിത്വത്തെയും അംഗീകരിച്ചുകൊണ്ടാണ്; ദുർബലരായി ചിത്രീകരിച്ചുകൊണ്ടല്ല. ആർത്തവം സ്ത്രീജീവിതത്തിന്റെ സ്വാഭാവിക ജൈവപ്രക്രിയയാണ്. അതിനെ ഒരു 'രോഗാവസ്ഥ'യായി അവതരിപ്പിക്കുന്ന സമീപനങ്ങൾ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കും.
ആർത്തവ സമയത്ത് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ (Dysmenorrhea പോലുള്ള അവസ്ഥകൾ) അനുഭവിക്കുന്ന സ്ത്രീകൾക്ക് നിലവിലുള്ള മെഡിക്കൽ ലീവ് (Medical Leave) വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കി നൽകുകയാണ് വേണ്ടത്. അതിനുപകരം എല്ലാവർക്കും പൊതുവായി 'ആർത്തവ അവധി' എന്ന് ലേബൽ ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നൽകുക.
ലോകത്തിന്റെ വിവിധ മേഖലകളിൽ പുരുഷന്മാർക്ക് തുല്യമായി കഴിവും നേതൃത്വവും തെളിയിക്കുന്ന സ്ത്രീകളെ നാം കാണുന്നു. അതിനാൽ സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ അവരുടെ അന്തസ്സും സ്വകാര്യതയും തുല്യാവകാശവും സംരക്ഷിക്കപ്പെടണം.
അടിയന്തിരമായി വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ
സ്ത്രീകളുടെ ക്ഷേമം സംബന്ധിച്ച് ആത്മാർത്ഥതയുള്ള സർക്കാർ ആദ്യം ഉറപ്പാക്കേണ്ടത് ശുചിത്വമുള്ള മൂത്രപ്പുരകളും വിശ്രമസൗകര്യങ്ങളും ശുദ്ധജല ലഭ്യതയും ആരോഗ്യകരമായ ക്യാമ്പസ് അന്തരീക്ഷവുമാണ്. ഇന്നും കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഈ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥാപനങ്ങളിലുമുള്ള സ്ത്രീ സൗഹൃദ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതാണ് കൂടുതൽ അടിയന്തരമായ ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ അവധി മാത്രം പ്രഖ്യാപിക്കുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.
കുടുംബശാക്തീകരണവും പ്രൊ-ലൈഫ് കാഴ്ചപ്പാടും
കുടുംബത്തെയും മാതൃത്വത്തെയും ശക്തിപ്പെടുത്തുന്ന നയങ്ങൾ എവിടെയാണ്? ജനനനിരക്ക് ഗണ്യമായി കുറയുകയും വയോജന സമൂഹമായി കേരളം മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, യുവകുടുംബങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികൾ, മാതൃത്വ സംരക്ഷണം, ഗർഭിണികൾക്കുള്ള സഹായങ്ങൾ, ശിശുപരിപാലന സൗകര്യങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സ്ത്രീക്ഷേമം എന്നത് അവധികളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്ന വിഷയമല്ല; അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണ്.
പ്രൊ-ലൈഫ് കാഴ്ചപ്പാടിൽ നോക്കുമ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് കൗമാരപ്രായത്തിലുള്ള ലൈംഗിക അരാജകത്വവും അതിന്റെ ദുരന്തഫലങ്ങളുമാണ്. മനുഷ്യജീവന്റെ ആരംഭം, ശരീരത്തിന്റെ മഹത്വം, ലൈംഗികതയുടെ ഉത്തരവാദിത്വം, വിവാഹത്തിന്റെ മൂല്യം, കുടുംബത്തിന്റെ പ്രാധാന്യം, മാതാപിതൃത്വത്തിന്റെ ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ടതുണ്ട്.
ഇന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ലൈംഗിക ചൂഷണത്തിനും അനാരോഗ്യകരമായ ബന്ധങ്ങൾക്കും ഇരയാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
കൗമാരഗർഭധാരണങ്ങളും ഗർഭഛിദ്രങ്ങളും മാനസിക തകർച്ചകളും കുടുംബ ദുരന്തങ്ങളും സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ചിലർ അബോർഷൻ എന്ന എളുപ്പവഴിയിലേക്ക് തള്ളിവിടപ്പെടുകയും പിന്നീട് മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.
ഈ പ്രശ്നങ്ങളെ നേരിടുന്നതിന് ശക്തമായ ബോധവൽക്കരണവും കുടുംബശാക്തീകരണവും മൂല്യവിദ്യാഭ്യാസവുമാണ് ആവശ്യം; പ്രതീകാത്മക പ്രഖ്യാപനങ്ങളല്ല.
ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ ലഹരി ഉപയോഗം, കൗമാര ലൈംഗിക അരാജകത്വം, കുടുംബവിഘടനം, വർധിച്ചുവരുന്ന വിവാഹമോചനങ്ങൾ, ഗർഭഛിദ്രങ്ങൾ, വയോജനങ്ങളുടെ ഏകാന്തത എന്നിവയാണ്. ഇവയെ നേരിടാൻ ദീർഘവീക്ഷണമുള്ള സാമൂഹിക നയങ്ങളാണ് വേണ്ടത്, ജനശ്രദ്ധ നേടുന്ന പ്രഖ്യാപനങ്ങൾ മാത്രമല്ല.
യഥാർത്ഥ കണ്ണീരൊപ്പാൻ പദ്ധതികൾ എവിടെ?
ആർത്തവ അവധിയെക്കാൾ വലിയ വലിയ പ്രശ്നങ്ങൾ സ്ത്രീ സമൂഹം ഇന്ന് നേരിടുന്നുണ്ട്.
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, വിധവകൾ, രോഗികളായ സ്ത്രീകൾ, നിർധന കുടുംബങ്ങളിലെ അമ്മമാർ, മക്കളില്ലാത്തതിന്റെ മാനസിക വേദന അനുഭവിക്കുന്നവർ, വയോജന സ്ത്രീകൾ, അതിക്രമങ്ങൾക്ക് ഇരയാകുന്നവർ, തൊഴിൽരഹിതരായ യുവതികൾ എന്നിവരുടെ കണ്ണീർ തുടയ്ക്കാൻ സമഗ്ര പദ്ധതികൾ എവിടെയാണ്?
സ്ത്രീകളുടെ യഥാർത്ഥ ഉന്നമനം ലക്ഷ്യമിടുന്ന സർക്കാർ, ജനപ്രീതി പ്രഖ്യാപനങ്ങൾക്കപ്പുറം എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്ന സമഗ്ര വനിതാ സംരക്ഷണ നയവും കർമ്മപദ്ധതിയും അടിയന്തരമായി പ്രഖ്യാപിക്കണം. അതായിരിക്കും സ്ത്രീകളോടുള്ള യഥാർത്ഥ ആദരവും സാമൂഹിക നീതിയും.
സ്ത്രീകളെ ആദരിക്കുക എന്നത് അവരുടെ ജൈവപ്രക്രിയകളെ ആഘോഷവിഷയമാക്കുകയോ രാഷ്ട്രീയമായി ഉപയോഗിക്കുകയോ ചെയ്യലല്ല. അവരുടെ ആരോഗ്യം, സുരക്ഷ, സ്വകാര്യത, വിദ്യാഭ്യാസം, മാതൃത്വം, കുടുംബജീവിതം, സാമൂഹിക പങ്കാളിത്തം എന്നിവയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. കേവലം പ്രതീകാത്മകമായ അവധി പ്രഖ്യാപനങ്ങളിലൂടെ സ്ത്രീകളെ താല്ക്കാലികമായി തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാർ, തകരുന്ന കുടുംബബന്ധങ്ങളും വർധിച്ചുവരുന്ന ഗർഭഛിദ്രങ്ങളും കാണാതെ പോകരുത്.
സ്ത്രീകളുടെ അന്തസ്സിനെയും ആരോഗ്യത്തെയും ആദരിക്കണം. എന്നാൽ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ സ്പർശിക്കാതെ ജനപ്രീതി നേടാൻ വേണ്ടിയുള്ള പ്രതീകാത്മക പ്രഖ്യാപനങ്ങൾ കൊണ്ട് കേരളത്തിന്റെ ഭാവി സുരക്ഷിതമാകില്ല.
സ്ത്രീകളുടെ സുരക്ഷ, മാതൃത്വ സംരക്ഷണം, കുടുംബശാക്തീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മനുഷ്യജീവന്റെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന നയങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
മനുഷ്യജീവനെ ആദരിക്കുകയും കുടുംബത്തെ ശക്തിപ്പെടുത്തുകയും സ്ത്രീകളുടെ യഥാർത്ഥ ഉന്നമനം ലക്ഷ്യമിടുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിന്റെ പുരോഗതിക്ക് കൂടുതൽ ഗുണകരമാകുക.
*സാബു* *ജോസ്*
9446329343