'മരിച്ചവരുടെ ഓര്‍മ്മകള്‍ വെറും നൊസ്റ്റാള്‍ജിയ ആകരുത്''അന്തരിച്ച കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കുമായി ദിവ്യബലി അര്‍പ്പിച്ച് ലിയോ പാപ്പ

 
leo papa


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വേര്‍പിരിഞ്ഞുപോയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും നിത്യശാന്തിക്കായി ലിയോ പതിനാലാമന്‍ പാപ്പ നവംബര്‍ അഞ്ചിന് പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. 


നവംബര്‍ മാസത്തിന്റെ ആരംഭത്തില്‍ അന്തരിച്ച സഭാപിതാക്കന്മാര്‍ക്കായി മാര്‍പാപ്പമാര്‍ ദിവ്യബലി അര്‍പ്പിക്കുന്നത് വത്തിക്കാന്റെ ദീര്‍ഘകാലമായുള്ള പാരമ്പര്യമാണ്. ഈ വര്‍ഷം 7 കര്‍ദിനാള്‍മാര്‍ക്കും 136 ബിഷപ്പുമാര്‍ക്കും വേണ്ടിയാണ് പാപ്പ ബലിയര്‍പ്പിച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ 'ഓള്‍ട്ടര്‍ ഓഫ് ദി ചെയറില്‍' ലത്തീന്‍ ഭാഷയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. പുനരുത്ഥാനത്തിലുള്ള പ്രത്യാശയും വിശുദ്ധരുടെ സഹഭാഗിത്വവുമാണ് മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനയെ പ്രകാശിപ്പിക്കുന്ന രണ്ട് പ്രധാന സത്യങ്ങളെന്ന് വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.

''ക്രിസ്തുവിനെ അനുഗമിക്കുന്ന ഏതൊരാളും അവന്റെ ശുശ്രൂഷകനായിത്തീരുന്നു. അവന്റെ പാത പിന്തുടരുന്നവര്‍ അവന്‍ ഉള്ളിടത്ത് തന്നെയായിരിക്കും,'' പാപ്പ വ്യക്തമാക്കി.

കര്‍ത്താവിന്റെ ബലിപീഠത്തില്‍ വേര്‍പിരിഞ്ഞുപോയവരെ ഓര്‍ക്കുന്നത്, ക്രിസ്തുവിലുള്ള നമ്മുടെ ജീവന്‍ വീണ്ടെടുക്കപ്പെട്ടതിനാല്‍ അത് നഷ്ടപ്പെടുകയില്ലെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നതുപോലെ, പുനരുത്ഥാനം ഇല്ലായിരുന്നുവെങ്കില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല.

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നാല്‍ ജീവനെ ആഘോഷിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ജീവനെയും, അവന്റെ കൃപയാല്‍ നമ്മില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ സ്വന്തം ജീവനെയുമാണ് നാം അവിടെ ആഘോഷിക്കുന്നത്. മരിച്ചവരുടെ ഓര്‍മ്മകള്‍ കേവലം നൊസ്റ്റാള്‍ജിയയോ ഭൂതകാല സ്മരണയോ ആയി ഒതുങ്ങിപ്പോകാന്‍ അനുവദിക്കരുതെന്നും, കര്‍ത്താവ് ജീവിക്കുന്നതിനാല്‍ ഭയമില്ലാതെ വിശ്വാസത്തോടെ മരണത്തിന്റെ രഹസ്യത്തെ ധ്യാനിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി മാത്രമല്ല, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തുന്ന സ്‌നേഹത്താല്‍ അവരോടൊപ്പമാണ് പ്രാര്‍ത്ഥിക്കുന്നത്. തലയായ ക്രിസ്തുവും അവന്റെ അവയവങ്ങളായ നാമും ചേര്‍ന്നതാണ് സഭയുടെ കൂട്ടായ്മ. ഈ കൂട്ടായ്മ സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും എല്ലാ വിശ്വാസികളെയും ഒന്നിപ്പിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിക്ക് ശേഷം ലിയോ പതിനാലാമന്‍ മാര്‍പാപ്പ വി. പത്രോസിന്റെ ബസിലിക്കയ്ക്ക് അടിയിലുള്ള വത്തിക്കാന്‍ ഗുഹകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വിശുദ്ധ പോള്‍ ആറാമന്‍, പയസ് പന്ത്രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ തുടങ്ങി മുന്‍ഗാമികളായ മാര്‍പാപ്പമാരുടെ കല്ലറകളില്‍ പാപ്പ പ്രാര്‍ത്ഥന നടത്തി.

Tags

Share this story

From Around the Web