കൊച്ചി കപ്പല്‍ശാലയ്ക്കായി കുരിശുപള്ളിയും സെമിത്തേരിയും വിട്ടുനല്‍കിയ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കി

 
KOCHI KAPPALSHALA



കൊച്ചി: പെരുമാനൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് കുരിശു പള്ളിയും പൂര്‍വ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേര്‍ന്നിട്ടുള്ള സെമിത്തേരിയും കൊച്ചി കപ്പല്‍ശാല സ്ഥാപിക്കുന്നതിനുവേണ്ടി വിട്ടുകൊടുത്ത മഹാത്യാഗത്തിന്റെ സ്മരണ പുതുക്കി.


കപ്പല്‍ശാലയ്ക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയതിന്റെ 54-ാം വാര്‍ഷികം കൊച്ചി മേയര്‍ വി. കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. രാജ്യപുരോഗതിക്കായി പള്ളിയും സെമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂര്‍ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു മേയര്‍ വി.കെ മിനിമോള്‍ പറഞ്ഞു. 


അന്നു സെമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ലെന്ന് പൂര്‍വികര്‍ വാശിപിടിച്ചിരുന്നെങ്കില്‍ കപ്പല്‍ശാല കേരളത്തിന്  നഷ്ടമായേനെ എന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍ അധ്യക്ഷനായിരുന്നു.

മുന്‍ കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ, കൗണ്‍സി ലര്‍മാരായ ആന്റണി പൈനുതറ, പി.ഡി മാര്‍ട്ടിന്‍, കെ. വി.പി കൃഷ്ണകുമാര്‍, നിര്‍മല ടീച്ചര്‍, കെ. എക്സ് ഫ്രാന്‍സിസ് സഹവികാരി ഫാ. സോബിന്‍ സ്റ്റാന്‍ലി, അനീഷ് ആട്ടപ്പറമ്പില്‍, സോളി ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു.

വരവു കാട്ടുകുരിശുപള്ളി 1674 ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ഥാപിതമായതാണ്. അന്ന് വെണ്ടുരുത്തി പള്ളിയുടെ കീഴിലായിരുന്ന വരവു കാട്ടുകുരിശുപള്ളിയും സെമിത്തേരിയും 1742 ല്‍ പെരുമാനൂര്‍ ഇടവക സ്ഥാപിതമായപ്പോള്‍ ഇടവകയോട് ചേര്‍ക്കപ്പെട്ടു.


കൊച്ചി കപ്പല്‍ശാലയ്ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികള്‍ 1960 മുതല്‍ ആരംഭിച്ചപ്പോള്‍, പദ്ധതി പ്രദേശം മുഴുവന്‍ പെരുമാനൂര്‍ ഇടവകയുടെ പരിധിയിലായിരുന്നു. കപ്പല്‍ ശാലയുടെ പ്ലാന്‍ അനുസരിച്ച് മര്‍മ്മപ്രധാനമായ ഭാഗത്താ യിരുന്നു പള്ളിയും സെമിത്തേരിയും നിലനിന്നിരുന്നത്. അതൊഴിവാക്കി കപ്പല്‍ശാല സ്ഥാപിക്കുക അസാധ്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ആരാധനാലയമായിരുന്നതിനാല്‍ സര്‍ക്കാരിന് നിര്‍മ്പന്ധപൂര്‍വ്വം ഏറ്റെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഇടവകാംഗങ്ങളെ സംബന്ധിച്ചിടത്തോളം പള്ളിയും പ്രിയപ്പെട്ടവരുടെ അന്ത്യ വിശ്രമ സങ്കേതമായ സെമിത്തേരിയും ഉപേക്ഷിച്ചു പോരുക യെന്നത് ചിന്തിക്കാന്‍പോലും സാധിക്കുമായിരുന്നില്ല.


 എങ്കിലും, രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഈ മഹത് സംരംഭത്തിനായി ത്യാഗമനുഷ്ഠിക്കാന്‍, അന്ന് ഇടവക വികാരിയായിരിന്ന മോണ്‍. ഡോ. അലക്സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ അനുഗ്രഹാശിസുകളോടെ ഇടവകാംഗങ്ങള്‍ തീരുമാനിച്ചു. ഭൂരിഭാഗവും ഇടവകാംഗങ്ങള്‍ ഉള്‍പ്പെടുന്ന 300 ല്‍ പരം കുടുംബങ്ങള്‍ക്കാണ് കപ്പല്‍ശാലയ്ക്കുവേണ്ടി തങ്ങള്‍ ജനിച്ച വീടും വളര്‍ന്ന നാടും ഉപേക്ഷിച്ചു പോകേണ്ടിവന്നത്.


വരവുകാട്ടുകുരിശു പള്ളിയും സെമിത്തേരിയും ത്യജിച്ചപ്പോള്‍ പകരം സ്ഥാപിതമായതാണ് ഇന്ന് പനമ്പിള്ളി നഗറിലുള്ള അംബികാപുരം ദേവാലയം. 1972 ജനുവരി 16ന് പള്ളിയും സെമിത്തേരിയും വിട്ടുപേക്ഷിച്ചു പോന്ന രംഗം വികാരനിര്‍ഭരമായിരുന്നു. മോണ്‍. ഡോ. വടക്കുംതല പ്രസ്തുത രംഗങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. 


'പലരും പൊട്ടിക്കരഞ്ഞു. സിമിത്തേരിയും പള്ളിയും ചുംബിച്ച ജനങ്ങള്‍, സിമിത്തേരിയില്‍ മുട്ടിന്മേല്‍ കമിഴ്ന്നു വീണ് കണ്ണുനീരോടെ പരിപാവനമായ ആ ഭൂമിയില്‍ ചുംബിക്കുകയും അല്‍പം മണ്ണു വാരി കടലാസില്‍ പൊതിഞ്ഞെടുക്കുകയും ചെയ്യുന്ന കാഴ്ച മര്‍മ്മഭേദകമായിരുന്നു.'


അന്ന് വരവു കാട്ടുനിന്നും അംബികാ പുരത്തേക്കു നടത്തിയ വികാരനിര്‍ഭരമായ പ്രയാണത്തിന്റെ സ്മരണയാണ് ഇന്നലെ ആചരിച്ചത്. കുരിശുപള്ളി റോഡിന്‍ കപ്പല്‍ശാലയുടെ മതിലിനു സമീപം സ്ഥാപിച്ചിരിക്കുന്ന ത്യാഗത്തിന്റെ സ്മാരമായ കപ്പേളയിലാണ് അനുസ്മരണ പരിപാടികള്‍ നടന്നത്.

Tags

Share this story

From Around the Web