സഭാംഗങ്ങള്‍ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കണം: ലിയോ പതിനാലാമന്‍ പാപ്പാ
വിശ്വാസികള്‍ ഏവരും പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
അസാധാരണ കണ്‍സിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തില്‍, സാമൂഹ്യമാധ്യമമായ എക്സില്‍ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാന്‍ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങള്‍ക്കുള്ള കടമയെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്.
'തങ്ങളുടെ പ്രവൃത്തികളുടെ ഫലം പാകപ്പെടുന്നതിലും അവ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലും, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലം വളരുന്നതിലും അവ സ്വീകരിക്കുന്നതിലും സന്തോഷിക്കുകയും, പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ ഓരോ അംഗവും അന്തസ്സോടെയും പൂര്‍ണ്ണതയോടെയും എല്ലാവരുടെയും നന്മയ്ക്കായി ക്രമീകൃതമായ രീതിയില്‍ സഹകരിക്കണമെന്ന് (എഫേ- 4, 11-13) ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ മനോഭാവത്തോടെയാണ് നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത്' എന്നതായിരുന്നു കണ്‍സിസ്റ്ററി എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച പാപ്പായുടെ സന്ദേശം.
കര്‍ദ്ദിനാള്‍മാര്‍ ഐക്യത്തിലും പരസ്പരസംവാദത്തിലും മുന്നോട്ട് പോകേണ്ടതിന്റെയും, പത്രോസിനടുത്ത തന്റെ ശുശ്രൂഷയില്‍ തന്നെ സഹായിക്കേണ്ടതിന്റെയും പ്രാധാന്യം, കണ്‍സിസ്റ്ററി ആരംഭിച്ച ജനുവരി ഏഴിന് നടത്തിയ പ്രഭാഷണത്തിലും, കണ്‍സിസ്റ്ററിയുടെ രണ്ടാം ദിവസമായ ജനുവരി എട്ടാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേയും പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു.
5 കോടിയിലേറെ വരുന്ന എക്സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.