മലബാറിൽ ഇറച്ചിവില കുതിച്ചുയരുന്നു; ഈ മാസം 15 മുതൽ ബീഫിന് കിലോയ്ക്ക് 460 രൂപ വരെ

 
beef

കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില ഗണ്യമായി വർധിപ്പിക്കാൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. ഈ മാസം 15 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും, എല്ലില്ലാത്ത ബീഫിന് 460 രൂപയുമാണ് പുതിയ വില. നിലവിൽ യഥാക്രമം 340 രൂപയും 360 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് പ്രധാന പ്രതിസന്ധി. ഇതിനു പുറമെ മാംസ വ്യാപാര മേഖലയിലെ ഉപോൽപ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വിപണിയിലുണ്ടായ വിലയിടിവും വ്യാപാരികൾക്ക് തിരിച്ചടിയായി. തെക്കൻ ജില്ലകളിൽ നിലവിൽ 520 മുതൽ 600 രൂപ വരെയാണ് ബീഫിന്റെ വിലയെന്നും, ഈ സാഹചര്യം കണക്കിലെടുത്ത് വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വില വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

ഇറച്ചിവിലയ്ക്ക് പിന്നാലെ മത്സ്യവിപണിയിലും കടുത്ത വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. ട്രോളിങ് നിരോധനവും കനത്ത മഴയും കാരണം കടലിൽ നിന്നുള്ള മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞു. ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞതോടെ വിപണിയിൽ മത്തിക്ക് കിലോയ്ക്ക് 600 രൂപയോളമാണ് നിലവിൽ ഈടാക്കുന്നത്. ഇതോടെ സാധാരണക്കാരുടെ അടുക്കളയിൽ മാംസാഹാരത്തിനും മത്സ്യത്തിനും വലിയ വില നൽകേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Tags

Share this story

From Around the Web