സംസ്ഥാനത്ത് അഞ്ചാംപനി പടർന്നുപിടിക്കുന്നു. 538 പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് കുട്ടികൾ മരിച്ചു. മലപ്പുറത്തും കോഴിക്കോട്ടും രോഗവ്യാപനം രൂക്ഷം
കോഴിക്കോട്: സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കപ്പെട്ടുവെന്ന് കരുതിയിരുന്ന അഞ്ചാംപനി (മീസിൽസ്) വീണ്ടും അപകടകരമായ രീതിയിൽ പടർന്നുപിടിക്കുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്.
ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ 1099 പേരിൽ 538 പേർക്ക് അഞ്ചാംപനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് മലപ്പുറത്ത് രണ്ടും കോഴിക്കോട് ഒന്നും ഉൾപ്പെടെ മൂന്ന് കുട്ടികൾ ഇതിനകം മരണത്തിന് കീഴടങ്ങി.
ഈ മാസം എട്ടാം തീയതി വരെ മാത്രം ലക്ഷണങ്ങളോടെ എത്തിയ 263 പേരിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ എട്ടിന് മാത്രം ലക്ഷണങ്ങളോടെ ചികിത്സ തേടിയ 29 പേരിൽ എട്ടുപേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തവണ മലപ്പുറത്താണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കുകളിൽ മലപ്പുറത്ത് 152 പേർക്കും കോഴിക്കോട്ട് 137 പേർക്കുമാണ് ഈ വർഷം രോഗം ബാധിച്ചത്. മറ്റ് ജില്ലകളിലേക്കും രോഗം വ്യാപിക്കുന്നുണ്ട്. കുട്ടികൾക്ക് പുറമെ മുതിർന്നവരിലും പ്രായമായവരിലും രോഗബാധ കണ്ടുവരുന്നുണ്ട്.
മീസിൽസ് വൈറസ് മൂലം ഉണ്ടാകുന്ന അഞ്ചാംപനി വായുവിലൂടെ അതിവേഗം പടരുന്ന ഒന്നാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന കഠിനമായ പനിയും അഞ്ചാംദിവസം ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ചുവന്നുതടിച്ച പാടുകളുമാണ് ഇതിന്റെ പ്രധാന ലക്ഷണം.
മുഖത്തും ചെവിക്ക് പിന്നിലും തുടങ്ങുന്ന ചുവന്ന പാടുകൾ പിന്നീട് ശരീരം മുഴുവൻ വ്യാപിക്കും. വായിലും വയറിലും പുണ്ണുകൾ വരാനും, രോഗം മൂർച്ഛിച്ചാൽ ന്യൂമോണിയ, മസ്തിഷ്കജ്വരം (എൻസഫലൈറ്റിസ്) തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് മാറാനും സാധ്യതയുണ്ട്.
ഇതിന് പ്രത്യേക ആന്റിവൈറൽ ചികിത്സ ലഭ്യമല്ലെന്നിരിക്കെ, ലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളും സങ്കീർണ്ണതകൾ ഒഴിവാക്കാൻ വിറ്റാമിൻ എ സപ്ലിമെന്റുകളുമാണ് നൽകുന്നത്.
മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളെല്ലാം പ്രതിരോധ വാക്സിൻ എടുക്കാത്ത ബ്ലോക്കുകളാണെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും സംസ്ഥാന സർവയലൻസ് ഓഫീസറുമായ ഡോ. കെ.പി. റീത്ത വ്യക്തമാക്കി. കോഴിക്കോട്ട് രോഗം ബാധിച്ചവരിലും ഭൂരിഭാഗവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്.
/sathyam/media/post_attachments/h-upload/2022/11/29/1335713-juyhkjiyhui-540509.webp)
2011 മുതലുള്ള കണക്കുകൾ പ്രകാരം 2021-ലും 2023-ലും മാത്രമാണ് സംസ്ഥാനത്ത് ഇതിനുമുൻപ് അഞ്ചാംപനി വലിയ തോതിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കൃത്യസമയത്ത് മീസൽസ് ആൻഡ് റുബെല്ല (എം.ആർ) വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കുന്നതിലൂടെ രോഗത്തെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും.
ഒൻപതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നിർബന്ധമായും നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കുത്തിവെപ്പ് വിട്ടുപോയ കുട്ടികൾക്ക് അഞ്ചു വയസ്സുവരെ വാക്സിൻ സ്വീകരിക്കാവുന്നതാണ്.