നോയിഡ കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മാണം; കേരളത്തിലേക്ക് വന്‍തോതില്‍ രാസലഹരി എത്തുന്നതായി പൊലീസ്
കാസര്‍ഗോഡ്: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ രാസലഹരി എത്തിക്കുന്നതായി പൊലീസ് കണ്ടെത്തല്‍. നോയിഡ കേന്ദ്രീകരിച്ച് വ്യാപകമായി എംഡിഎംഎ നിര്‍മ്മിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി. ഐവറികോസ്റ്റ് സ്വദേശിയായ ജീന്‍ പ്യാരി സെറി എന്ന സാമുവല്‍ ഓസ്ലന്‍ ആണ് അറസ്റ്റിലായത്.
കാസര്‍ഗോഡ് കാലിക്കടവ് എംഡിഎംഎ കേസില്‍ നേരത്തെ അറസ്റ്റിലായ ഉത്തരേന്ത്യന്‍ സ്വദേശികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം നോയിഡയിലെത്തിയത്. കേരളത്തിലേക്ക് എത്തുന്ന എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് നോയിഡ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി നിര്‍മിക്കുന്നതായി കണ്ടെത്തിയത്.
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന പങ്ക് വഹിക്കുന്നയാളാണ് സാമുവല്‍ ഓസ്ലനെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നോയിഡയില്‍ പത്ത് ദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
സാമുവല്‍ ഓസ്ലനില്‍നിന്ന് 12-ലധികം എടിഎം കാര്‍ഡുകളും അഞ്ച് മൊബൈല്‍ ഫോണുകളും 2.94 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഇടപാടുകളും ലഹരി വിതരണ ശൃംഖലയിലെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് കാസര്‍ഗോഡ് കാലിക്കടവില്‍ കാറില്‍ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎംഎയുമായി എറണാകുളം പെരുമ്പാവൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് പിടികൂടിയതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഹമ്മദാബാദ് ലാംബ സ്വദേശിയായ റിയാ ഖാന്‍, ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ വിഷ്ണുകുമാര്‍, ഘാന സ്വദേശി വിക്ടര്‍ ദൊസാബേ എന്നിവരടക്കം എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സാമുവല്‍ ഓസ്ലന്റെ അറസ്റ്റോടെ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.