വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്വര്‍ക്ക്; ആശയവിനിമയം ഇന്‍സ്റ്റഗ്രാം വഴി; രണ്ട് ഏജന്റുമാര്‍ പിടിയില്‍
കൊച്ചി: വാഴക്കുലക്കുള്ളില് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തില്‍ പിടിയിലായ ധനേഷ് എസ്.നായര്‍ക്ക് കേരളത്തില്‍ വിപുലമായ നെറ്റ്വര്ക് ഉള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ട്. ഇതിനകം എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് ഏജന്റുമാരെ പൊലീസ് അറസ്റ്റുചെയ്തു. ലഹരികടത്തിനായി ഇന്‍സ്റ്റഗ്രാം വഴിയാണ് ധനേഷ് പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നത്. കൊച്ചിയിലായിരുന്നു പ്രതിയുടെ സ്ഥിരതാമസമെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ ചെറുതനയില്‍ 2022-ല്‍ തണ്ണിമത്തന് കൃഷി നടത്തിയിട്ടുള്ള ധനേഷിന് ചെറുതന പഞ്ചായത്തിന്റെ യുവ കര്‍ഷക അവാര്‍ഡ് ലഭിച്ചിരുന്നു. നാട്ടില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും ഇല്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇയാള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.
മികച്ച കര്ഷകന് വാഴക്കുലയില്‍ എംഡിഎംഎ. കടത്തിയ സംഭവം ഗൗരവതരമാണെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പ്രതികരിച്ചു. ധനേഷിന് ലഭിച്ച മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തിരിച്ചെടുക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. വാര്‍ത്തയറിഞ്ഞ ഉടന്‍ ഡയറക്ടറുമായി സംസാരിച്ചിരുന്നുവെന്നും കര്‍ഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി ഉണ്ടാകും. കൂടാതെ, അവാര്‍ഡ് നിര്‍ണയ രീതികളില്‍ അടക്കം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ചില അവാര്‍ഡുകള്‍ ചുമതലയേറ്റെടുത്ത ശേഷം താന്‍ പുനക്രമീകരിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.