അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി; ഡ്രൈവര്‍ മുങ്ങിയത് പരിക്കേറ്റയാളെ കയറ്റിയ ആംബുലന്‍സില്‍
മലപ്പുറം: മമ്പാട് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരില്‍ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലും തുടര്‍ന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യാത്രികനെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍, കാര്‍ ഡ്രൈവറും ആംബുലന്‍സില്‍ കയറി.
ആശുപത്രിയില്‍ എത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു. നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അപകടത്തില്‍പ്പെട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ കാറില്‍ നിന്ന് മദ്യക്കുപ്പികളും ലഭിച്ചതായും വിവരമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.