പശ്ചിമേഷ്യയില്‍ സമാധാനം പുലരട്ടെ; ബോംബുകളുടെ ഗര്‍ജ്ജനം നിലയ്ക്കട്ടെ! സംഘര്‍ഷം അവസാനിപ്പിക്കണം; ലിയോ പാപ്പ

 
Papa


വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനില്‍ നടത്തുന്ന സൈനിക നീക്കം ഒമ്പതാം ദിവസവും തുടരുന്നതിനിടെ, അടിയന്തരമായി ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 


സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് ലോകസമാധാനത്തിനായി അദ്ദേഹം സംസാരിച്ചത്. നിലവിലെ സംഘര്‍ഷ സാഹചര്യം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭയവും വര്‍ധിപ്പിക്കുകയാണെന്നും ഇത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആക്രമണങ്ങള്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭയം മേഖലയില്‍ അസ്ഥിരതയുണ്ടാക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു. ''ആയുധങ്ങള്‍ നിശബ്ദമാകട്ടെ, ബോംബുകളുടെ ഗര്‍ജ്ജനം നിലയ്ക്കട്ടെ. പകരം ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സംവാദത്തിന്റെ വാതിലുകള്‍ തുറക്കപ്പെടണം,'' അദ്ദേഹം ആഹ്വാനം ചെയ്തു. 

ഭീഷണികളിലൂടെയോ ആയുധബലത്തിലൂടെയോ അല്ല, മറിച്ച് നയതന്ത്രത്തിലൂടെയും ഉത്തരവാദിത്തമുള്ള ചര്‍ച്ചകളിലൂടെയും മാത്രമേ ശാശ്വത സമാധാനം കെട്ടിപ്പെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാനിലെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സമാധാനത്തിനായി മാര്‍പാപ്പ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട്. നിലവിലെ ശത്രുത തുടരുന്നത് പശ്ചിമേഷ്യയെ തിരിച്ചുപിടിക്കാനാവാത്ത വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന കര്‍ശനമായ മുന്നറിയിപ്പും വത്തിക്കാന്‍ നല്‍കുന്നു. 

മേഖലയിലെ സാധാരണക്കാരുടെ ദുരിതം കണക്കിലെടുത്ത് അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്നും ലിയോ പതിനാലാമന്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web