വിശുദ്ധ യോഹന്നാൻ സ്നാപകൻ്റെ ജീവിതം നമുക്ക് ശക്തിപകരട്ടെ

 
1223

വിശുദ്ധ യോഹന്നാൻ സ്നാപകൻ്റെ ജീവിതവും സാക്ഷ്യവും ഇന്നും വിശ്വാസികൾക്ക് വലിയൊരു പ്രചോദനമാണ്. മരുഭൂമിയിലെ ഏകാന്തതയിൽ ദൈവത്തോടൊപ്പം ജീവിച്ച അദ്ദേഹം, തൻ്റെ ജീവിതം മുഴുവൻ ദൈവഹിതത്തിനായി സമർപ്പിച്ച വ്യക്തിയായിരുന്നു. ആഡംബരങ്ങളില്ലാത്ത അദ്ദേഹത്തിൻ്റെ ലളിതജീവിതവും ആത്മസംയമനവും, ഉപഭോഗസംസ്കാരത്തിൻ്റെ ഈ ആധുനിക ലോകത്ത് നമുക്ക് വലിയൊരു പാഠമാണ്. 

ദൈവത്തെ മുൻനിർത്തിയുള്ള ജീവിതമാണ് യഥാർത്ഥ സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഉറവിടമെന്ന് അവൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

വിശ്വാസം എന്നത് എവിടെയെങ്കിലും സൂക്ഷിച്ചുവെച്ച് ആവശ്യം വരുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒന്നല്ല. അത് നമ്മുടെ ശ്വാസം പോലെ ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും സജീവമായിരിക്കേണ്ടതാണ്. 

ജീവിതത്തിലെ സന്തോഷങ്ങളിലും, വിജയങ്ങളിലും പരാജയങ്ങളിലും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനുള്ള മനോഭാവമാണ് യഥാർത്ഥ വിശ്വാസം.

ഭക്തി പ്രധാനമാണ്. എന്നാൽ ഭക്തിയെക്കാൾ വിശ്വാസത്തിൻ്റെ കരുത്താണ് ജീവിത പ്രതിസന്ധികളിൽ നമ്മെ താങ്ങിനിർത്തുന്നത്.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള ധൈര്യവും ദൈവഹിതം തിരിച്ചറിയാനുള്ള വിവേകവും വിശ്വാസത്തിൽ നിന്നാണ് ലഭിക്കുന്നത്. വിശുദ്ധ യോഹന്നാൻ സ്നാപകൻ തൻ്റെ ജീവൻ പോലും പണയം വച്ച് സത്യത്തിനുവേണ്ടി നിലകൊണ്ടത് ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

'അവൻ വളരണം, ഞാൻ കുറയണം' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുവിനായി വഴിമാറിക്കൊടുത്ത യോഹന്നാൻ്റെ വിനയം നമ്മുടെ അഹന്തകളെ ഇല്ലാതാക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ യോഹന്നാൻ സ്നാപകനെപ്പോലെ സത്യത്തോട് വിട്ടുവീഴ്ച ചെയ്യാതെ ജീവിക്കുവാനും, വിനയത്തോടെയും ധൈര്യത്തോടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും നമുക്ക് കഴിയട്ടെ. 

ലോകത്തിൻ്റെ ലക്ഷണങ്ങൾക്കിടയിലും ദൈവവചനത്തിൽ ഉറച്ചുനിൽക്കാനുള്ള ശക്തി നമുക്ക് ലഭിക്കട്ടെ. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ദൈവത്തിലേക്കുള്ള വഴികാട്ടിയായി മാറട്ടെ.

അധികാരത്തിലുള്ളവരെ ബഹുമാനിക്കുവാനും നിയമാനുസൃതമായ അധികാരത്തെ അനുസരിക്കുവാനും, അതേസമയം സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്ത് ഉറച്ചുനിൽക്കുവാനും ആവശ്യമായ ആത്മീയ പക്വത നമുക്ക് ഉണ്ടാകട്ടെ.

തെറ്റിനെതിരെ ശബ്ദമുയർത്താനുള്ള ധൈര്യവും ശരിയെ പിന്തുണയ്ക്കാനുള്ള മനസ്സും നമുക്ക് ലഭിക്കട്ടെ.

സത്യത്തിനുവേണ്ടി നിൽക്കുമ്പോൾ വരുന്ന പരീക്ഷണങ്ങളെ സഹിക്കാൻ ദൈവം നമ്മെ ശക്തരാക്കട്ടെ.

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രകാശമായി മാറട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിൻ്റെ സ്നേഹവും സത്യവും പ്രതിഫലിപ്പിക്കട്ടെ. ഓരോ ദിവസവും ദൈവത്തോടൊപ്പം നടക്കാനുള്ള ആഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ വളരട്ടെ. നമ്മുടെ ജീവിതം ദൈവത്തിൻ്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടട്ടെ.ഉചിതമായ നയവും 

ശരിയായ നിലപാടും വിവേകപൂർണ്ണമായ തീരുമാനങ്ങളും സ്വീകരിക്കുവാൻ ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.

നമ്മുടെ ജീവിതം ദൈവത്തിൻ്റെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടട്ടെ. വിശുദ്ധ യോഹന്നാൻ സ്നാപകാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...

-- സാബു ജോസ്

Tags

Share this story

From Around the Web