നമ്മുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ദൈവീകപദ്ധതികള്‍ക്കനുസൃതമായിരിക്കട്ടെ

 
jesus love



'യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്' (മത്താ 16: 23).


ക്രൈസ്തവ പ്രാര്‍ത്ഥന എന്നത് വെറുതേ ദാനങ്ങള്‍ ലഭിക്കുവാന്‍ വേണ്ടിയുള്ള യാചനയല്ല. അത് ദൈവത്തിന്റെ ഹിതം നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ്. പ്രാര്‍ത്ഥനാ ജീവിതത്തില്‍ വളരുന്ന ഒരു വ്യക്തി പ്രാര്‍ത്ഥനയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്തുകയും യാചകന്റെ അവസ്ഥയില്‍നിന്നും ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയും വേണം.

യേശു തനിക്ക് ജറുസലെമിലേക്ക് പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍ നിന്നും പ്രധാന പുരോഹിതന്‍മാരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും വളരെ വളരെയേറെ സഹിക്കേണ്ടി വരുമെന്നും താന്‍ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു. അപ്പോള്‍ പത്രോസ് അവനെ മാറ്റി നിറുത്തി തടസ്സം പറയാന്‍ തുടങ്ങി.

 'ദൈവം കനിയട്ടെ, കര്‍ത്താവേ ഇത് ഒരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ' എന്ന പത്രോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ യേശു തിരിഞ്ഞ് പത്രോസിനോട് പറഞ്ഞു. 'സാത്താനെ എന്റെ മുമ്പില്‍ നിന്നു പോകൂ. നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവീകമല്ല മാനുഷികമാണ്'.

നമ്മുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ദൈവിക ചിന്തകള്‍ക്ക് അനുസൃതമായിരിക്കണം വെറുതെ കുറെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലവിളിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ക്രൈസ്തവ പ്രാര്‍ത്ഥന എന്നത് പരിശുദ്ധാത്മാവില്‍ പിതാവുമായി ക്രിസ്തുവിലുള്ള സ്‌നേഹകൂട്ടായ്മയാണ്.

 ഈ കൂട്ടായ്മയില്‍ വസിക്കുന്നവന്‍ ക്രിസ്തു പഠിപ്പിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്നു. 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ... അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തില്‍ നടപ്പിലാക്കണമേ'.

നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനും നിത്യജീവനുംവേണ്ടി ചിലപ്പോള്‍ നാം കുരിശുകള്‍ ഏറ്റെടുക്കേണ്ടിവന്നേക്കാം. ഈ കുരിശുകള്‍ മാറിപ്പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ഈ കുരിശുകളെ പ്രതി ദൈവത്തെ സ്തുതിക്കുമ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്തീയമാകുന്നത്.

 'യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും' (മത്താ 16: 24-25).

യേശു തന്നെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിച്ചപ്പോള്‍ അവിടുത്തെ ഉയര്‍പ്പിനെക്കുറിച്ചും വെളിപ്പെടുത്തുന്നു. എന്നാല്‍ പീഡാസഹനത്തിലേക്ക് മാത്രമാണ് പത്രോസ് നോക്കിയതും അത് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതും. നമ്മുടെ പ്രാര്‍ത്ഥനകളും പലപ്പോഴും ഇങ്ങനെയാകാറുണ്ട്. കുരിശുകള്‍ നീങ്ങിപ്പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്ന നാം അതിനപ്പുറമുള്ള ഉത്ഥാനത്തിലേക്ക് നോക്കാന്‍ തയ്യാറാകുന്നില്ല. കുരിശുകള്‍ നീങ്ങിപ്പോകട്ടെ എന്ന് നിലവിളിക്കുന്നതല്ല ക്രൈസ്തവ പ്രാര്‍ത്ഥന. സ്വയം പരിത്യജിച്ചുകൊണ്ട് നമ്മുടെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുകയും അതിലൂടെ ലഭിക്കുന്ന നിത്യരക്ഷയെ പ്രതി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവ പ്രാര്‍ത്ഥന.

വിചിന്തനം
ക്രിസ്തു തന്റെ മാനുഷികമനസ്സിലൂടെ പിതാവിന്റെ തിരുമനസ്സിനു പൂര്‍ണ്ണമായും കീഴ്വഴങ്ങുന്നു. മനുഷ്യരായ നമ്മള്‍ ബലഹീനരാണെങ്കിലും ക്രിസ്തുവിനോട് ചേര്‍ന്ന് നില്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ അവിടുത്തോട് ഐക്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും പിതാവായ ദൈവത്തിന്റെ ഹിതത്തിനു സമര്‍പ്പിക്കാം. അപ്പോള്‍ യേശു പഠിപ്പിച്ചതുപ്പോലെ നമ്മുക്ക് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. 'പിതാവായ ദൈവമേ, മാനുഷികമായി ഞങ്ങളുടെ ആഗ്രഹങ്ങള്‍ അല്ല, അങ്ങയുടെ സ്വര്‍ഗ്ഗീയ പദ്ധതികള്‍ ഞങ്ങളെ ജീവിതത്തില്‍ നടപ്പിലാക്കണമേ'.

Tags

Share this story

From Around the Web