യുദ്ധക്കെടുതികൾക്കിടയിലും ഭയമില്ലാതെ ജെറുസലേമിലെ മെയ് മാസ സമാപനം
കടുത്ത പ്രതിസന്ധികൾക്കിടയിലും വിശ്വാസതീക്ഷ്ണതയോടെ ജെറുസലേമിലെ ക്രൈസ്തവ സമൂഹം കന്യകാമറിയത്തിന്റെ സന്ദർശന തിരുനാളും മെയ് മാസ സമാപനവും ആഘോഷിച്ചു. യുദ്ധക്കെടുതികൾക്ക് താൽക്കാലിക ശമനമുണ്ടെങ്കിലും വിദേശ തീർഥാടകരുടെ അഭാവത്തിലാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.
മെയ് 31 ഞായറാഴ്ച ത്രിത്വത്തിന്റെ തിരുനാൾ ആയതിനാൽ പരമ്പരാഗതമായി അന്നേദിവസം നടത്താറുള്ള സന്ദർശന തിരുനാൾ ആഘോഷങ്ങൾ മെയ് 30 ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഫ്രാൻസിസ്കൻ സന്യാസ സമൂഹവും പ്രാദേശിക വിശ്വാസികളും ഐൻ കരേമിലെ വിസിറ്റേഷൻ തീർഥാടന കേന്ദ്രത്തിലേക്ക് നടത്തിയ സംയുക്ത പദയാത്രയോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്.
സാൻ സാൽവറ്റോർ കോൺവെന്റിൽ നടന്ന മെയ് മാസ സമാപന ചടങ്ങുകൾക്ക് ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജെറുസലേമിലെ ക്രിസ്ത്യൻ ക്വാർട്ടർ തെരുവുകളിലൂടെ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പരമ്പരാഗത പ്രദക്ഷിണവും നടന്നു.