രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാര്‍ലി സ്വീകരിക്കപ്പെടട്ടെ'; വിശ്വാസ ധീരതയാല്‍ എറിക്ക ചാര്‍ലിയുടെ പ്രസംഗം

വാഷിംഗ്ടണ്‍ ഡിസി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്‌ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാര്‍ലി കിര്‍ക്കിന്റെ വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക. 'സ്‌നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാര്‍ലി സ്വീകരിക്കപ്പെടട്ടെ' എന്നെഴുതിയ പ്രസംഗ പീഠത്തിന് മുന്നില്‍ നിന്നാണ് ഭാര്യ എറിക്ക ആദ്യമായി പ്രതികരിച്ചത്.
മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് എറിക്ക കിര്‍ക്ക് സംസാരിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ അകാലവിയോഗത്തിലും ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫിസില്‍വെച്ചു ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചായിരിന്നു എറിക്കയുടെ പ്രസംഗം.
'നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല'. ദേശസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തിന്റെയും സന്ദേശം പ്രസംഗിച്ചതിനാലാണ് അവര്‍ ചാര്‍ലിയെ കൊന്നത്.
ഈ ഭാര്യയുടെ ഉള്ളില്‍ നിങ്ങള്‍ കത്തിച്ച തീ എന്താണെന്ന് നിങ്ങള്‍ക്കറിയില്ല, ഈ വിധവയുടെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും.
അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. തന്റെ പരേതനായ ഭര്‍ത്താവിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ചേരണമെന്നും പള്ളിയില്‍ അംഗങ്ങളായി മാറണമെന്നും എറിക്ക യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
മകള്‍ അച്ചനെവിടെ എന്നു ചോദിച്ച ചോദ്യവും അതിന് കൊടുത്ത മറുപടിയും എറിക്ക പങ്കുവെച്ചു. 'കുഞ്ഞേ, അച്ഛന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അവന്‍ യേശുവിനൊപ്പം ഒരു ജോലി യാത്രയിലാണ്' എന്നാണ് മറുപടി നല്‍കിയത്. കുരിശ് മാല ധരിച്ച് സംസാരിച്ച എറിക്ക കിര്‍ക്ക്, തന്റെ സന്ദേശത്തില്‍ ബൈബിള്‍ വചനം ഉദ്ധരിച്ചിരിന്നു.
'ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം' (എഫേസോസ് 5:25) എന്ന വചനമാണ് ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കു ഒപ്പം അവള്‍ ഏറ്റുപറഞ്ഞത്.
പതിനാറു മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണ് എറിക്ക സന്ദേശം ചുരുക്കിയത്.