സുഹൈലിന് പരമാവധി ശിക്ഷ ഉറപ്പാക്കും'; കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

 
chennithala



നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും ജനറല്‍ ഡയറി (ജിഡി) റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിയമസഭയില്‍ ഉന്നയിച്ചത്.


പ്രതിയുടെ പേര് പോലും എഫ്ഐആറില്‍ രേഖപ്പെടുത്തിയില്ലെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വൈദ്യപരിശോധന കൃത്യമായി നടന്നില്ലെങ്കില്‍ കേസ് കോടതിയില്‍ എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ബോസ്റ്റല്‍ ഹോമിലേക്കാണോ അയക്കേണ്ടതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.


സംഭവം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേസില്‍ ശരിയായ അന്വേഷണം നടത്തി പ്രതിയായ സുഹൈലിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഐജി നിശാന്തിനിയെ ചുമതലപ്പെടുത്തിയതായും ആഭ്യന്തരമന്ത്രി  അറിയിച്ചു.

നിലവിലുള്ള നിയമപ്രകാരം പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയക്കണമോയെന്ന തീരുമാനം കോടതിയുടേതാണെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പേരില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നവരെ നിയമസഭ ശക്തമായി അപലപിക്കുന്നതായി സ്പീക്കറും വ്യക്തമാക്കി.

Tags

Share this story

From Around the Web