തിരുവനന്തപുരം ചാലയില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി 250 പവന് സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. വൈഷ്ണവി ജ്വല്ലറിയുടെ ഉടമയില്‍നിന്ന് രണ്ടര കിലോ സ്വര്‍ണം, അതായത് ഏകദേശം 250 പവന്, കവര്‍ന്നതായാണ് പരാതി. രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം ഉടമയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവര്‍ന്നെന്നാണ് ലഭിക്കുന്ന വിവരം. മഹാരാഷ്ട്ര സ്വദേശികളുടേതാണ് പഴയ സ്വര്‍ണം വാങ്ങുന്ന വൈഷ്ണവി ജ്വല്ലറി.
മറ്റു കടകളില്‍നിന്ന് ഉള്‍പ്പെടെ ശേഖരിക്കുന്ന പഴയ സ്വര്‍ണം ഉരുക്കിയെടുക്കുന്ന സ്ഥാപനമാണ് ഇതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. പതിവായി ഇത്തരത്തില്‍ സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഈ പതിവ് കവര്‍ച്ചാസംഘത്തിന് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കും.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെ തിരിച്ചറിയുന്നതിനായി സമീപത്തെ സ്ഥാപനങ്ങളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ നടന്ന ഈ വന്‍ കവര്‍ച്ച വ്യാപാരികള്‍ക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള നടപടികളിലാണ് പോലീസ്.