കാലടി സര്‍വകലാശാലയില്‍ വന്‍ നിയമന തട്ടിപ്പ്; 46 പ്രൊഫസര്‍മാരെ നിയമിച്ചത് സര്‍ക്കാര്‍ അംഗീകാരമില്ലാതെ, ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളിലും ഹാജര്‍ നിലയിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി സര്‍ക്കാര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മുന്‍കൂറുള്ള അംഗീകാരമില്ലാതെ 46 അധ്യാപകരെ നിയമിച്ചതായി 2023-2024 ലെ ആനുവല്‍ ക്വാളിറ്റി അഷ്വറന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച തസ്തികകള്‍ പ്രകാരം ആകെ 220 അധ്യാപകര്‍ക്കാണ് സര്‍വകലാശാലയില്‍ പ്രവര്‍ത്തനാനുമതിയുള്ളത്. ഇതില്‍ 9 പ്രൊഫസര്‍മാര്‍, 21 അസോസിയേറ്റ് പ്രൊഫസര്‍മാര്‍, 190 അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിങ്ങനെയാണ് സ്ഥിരം തസ്തികകളുടെ കണക്ക്.
എന്നാല്‍ നിലവില്‍ 55 പ്രൊഫസര്‍മാരും 15 അസോസിയേറ്റ് പ്രൊഫസര്‍മാരും 52 അസിസ്റ്റന്റ് പ്രൊഫസര്‍മാരും സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓഡിറ്റില്‍ കണ്ടെത്തി. അനുവദിച്ചതിലും 46 പ്രൊഫസര്‍മാര്‍ അധികമായി ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ശമ്പളയിനത്തില്‍ നല്കിയ കോടിക്കണക്കിന് രൂപയെക്കുറിച്ച് ഓഡിറ്റ് വിഭാഗം സര്‍വകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്.
നിയമന ക്രമക്കേടുകള്‍ക്ക് പുറമേ, സര്‍വകലാശാലയിലെ 90 ശതമാനത്തോളം അധ്യാപകരും വര്‍ഷങ്ങളായി പഞ്ചിങ് നടത്താറില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. സംസ്കൃത സാഹിത്യം, സംഗീതം വകുപ്പുകളിലെ ചില അധ്യാപകര്‍ മാത്രമാണ് പഞ്ചിങ് പിന്തുടരുന്നത്.
ബാക്കിയുള്ളവര്‍ രജിസ്റ്ററില്‍ ഒപ്പിടുകയാണ് പതിവ്. അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞാണ് പലരും സര്‍വകലാശാലയിലെത്തുന്നത്. അധ്യാപകര്‍ പഞ്ചിങ് നടത്താത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
അനധ്യാപക ജീവനക്കാരിലും ഭൂരിഭാഗവും പഞ്ചിങ് നടത്തുന്നില്ല. പ്രധാന സര്‍വകലാശാലാ ക്യാമ്പസിലും റീജിയണല്‍ സെന്ററുകളിലും പഞ്ചിങ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
സര്‍വകലാശാലയില്‍ നിലവിലുള്ള പഞ്ചിങ് മെഷീനുകളില്‍ എത്രയെണ്ണം പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമാക്കണമെന്നും, ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ 'സ്പാര്‍ക്ക്' പഞ്ചിങ് സംവിധാനവുമായി ബന്ധിപ്പിക്കാതെ എങ്ങനെയാണ് കൃത്യമായി ശമ്പളം നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടു.