ഡല്‍ഹിയില്‍ ഇന്നും വന്‍ പ്രക്ഷോഭം; യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തും; ആശങ്ക അറിയിച്ച് യുഎന്‍
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വന്‍ പ്രതിഷേധങ്ങള്‍ നടക്കും. രാവിലെ പത്ത് മണിക്ക് ജന്തര്‍മന്തറിലേക്ക് എത്താന്‍ സിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ എവിടെയാണെന്ന ചോദ്യവുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് സിജെപി കത്തയച്ചു.
മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാന്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ സംഘടന, അഭിജീതിനെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നേതാക്കളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിജെപി, സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയും നല്‍കിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജനജീവിതം ദുസഹമാകുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും പ്രതിഷേധത്തിന്റെ പേരില്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യം ഉണ്ടാകരുതെന്നും സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്നും കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ വന്‍ സന്നാഹമാണ് മോദി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പതിനായിരത്തോളം പൊലീസുകാരെയും 200 കമ്പനി അര്‍ദ്ധസൈനികരെയും വിന്യസിച്ചതിനു പുറമേ ക്യാമറാ നിരീക്ഷണവും ശക്തമാക്കി. ജന്തര്‍മന്ദറിന് സമീപം ഇന്റര്‍നെറ്റ് വിലക്കാനും സാധ്യതയുണ്ട്.
അതേസമയം ഡല്‍ഹിയിലെ പ്രതിഷേധക്കാരുടെ കൂട്ട അറസ്റ്റില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. ഇത് അനാവശ്യമായ ഇടപെടലാണെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ പ്രതിനിധി, വിഷയത്തില്‍ നിഷ്പക്ഷമായ വിലയിരുത്തല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.