നിലമ്പൂര്‍ വനമേഖലയില്‍ വന്‍ മരംകൊള്ള: ലക്ഷങ്ങളുടെ തേക്കും വീട്ടിയുമടക്കം 23 മരങ്ങള്‍ കടത്തി
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വനമേഖലയില്‍ വന്‍ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്റ്റേഷന്‍ പരിധിയിലെ മുത്തപ്പന്‍കുന്നില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്കും വീട്ടിയും ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടിക്കടത്തി. ഏഴരയേക്കര്‍ വരുന്ന നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് 23 മരങ്ങളാണ് മുറിച്ചുകടത്തിയത്.
കവളപ്പാറ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേര്‍ന്ന മുത്തപ്പന്‍കുന്നിലെ വനഭൂമിയില്‍ രണ്ടാഴ്ച മുന്‍പാണ് സംഭവം. വനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ച് ട്രാക്ടറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. മുത്തപ്പന്‍കുന്ന് മേഖലയിലേക്ക് വാഹനങ്ങള്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസമാണ്. എന്നിട്ടും ഈ ദുര്‍ഘടമായ പ്രദേശത്തുനിന്ന് മണിക്കൂറുകളെടുത്ത് മരങ്ങള്‍ മുറിച്ച് ട്രാക്ടറില്‍ കടത്തിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് വനംവകുപ്പ് അധികൃതര്‍ വിവരമറിയുന്നത് എന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്.
പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറിച്ചുകടത്തിയ വിവരം പുറത്തറിയുന്നത്. എന്നാല്‍ ആരാണ് മരം കടത്തിയതെന്നോ ഇവ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടതിനാല്‍ തന്നെ പ്രതികളെയും കടത്തിക്കൊണ്ടുപോയ മരങ്ങളും കണ്ടെത്തുക എന്നത് വനംവകുപ്പിന് ഏറെ വെല്ലുവിളിയാകും.
സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയോ മറ്റ് ഗുരുതരമായ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.