കോട്ടയം എസ്.എച്ച് മൗണ്ടിലെ ടിഷ്യൂപേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; ഒന്നരക്കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക റിപ്പോർട്ട്, അന്വേഷണം ഊർജ്ജിതം
കോട്ടയം: എസ്.എച്ച് മൗണ്ടില്‍ ടിഷ്യൂപേപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തം, ഒന്നര കോടിയുടെ നാശനഷ്‌ടമെന്നു പ്രാഥമിക നിഗമനം.
ചൂട്ടുവേലി എസ്.എച്ച്. മൗണ്ട്-ചുങ്കം റോഡില്‍ മഞ്ഞാങ്കല്‍ ഇറക്കം ഭാഗത്തു പ്രവര്‍ത്തിക്കുന്ന ജെ.എന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണു തീ പിടിച്ചത്.
ജനവാസ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. തലയോലപ്പറമ്പ് സ്വദേശി ജിതിന്‍ മുഹമ്മദ്, അടിച്ചിറ സ്വദേശി നിഖില്‍ ടി.ബഷീര്‍ എന്നിവരുടേതാണു ഫാക്ടറി. ഒന്നരക്കോടി രൂപയോളം നഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ഏഴു വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പഴയ ഒരു വീടും അതിനു സമീപത്തായി നിര്‍മിച്ച ഗോഡൗണിലുമാണു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുള്ള ഉടമസ്ഥര്‍ സ്ഥലം ഫാക്ടറി നടത്താന്‍ വാടകയ്ക്ക് നല്‍കയതായതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ അന്വേഷണം നടക്കും.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണു ഫാക്ടറിയില്‍ നിന്നു തീ പടരുന്നത് അയല്‍വാസികള്‍ കണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടം, തൊഴിലാളികള്‍ താമസിക്കുന്ന വീട്, പ്രധാന ഗോഡൗണ്‍ എന്നിവയ്ക്കാണു തീ പിടിച്ചത്.
ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍ സ്ഥാപനത്തില്‍ ആളില്ലായിരുന്നു. സമീപത്തെ വീട്ടിലെ താമസക്കാരാണു തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കോട്ടയത്തെ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. അപ്പോഴേയ്ക്കും തീ വ്യാപകമായി പടര്‍ന്നിരുന്നു. കോട്ടയം അഗ്‌നിശമനസേനയുടെ രണ്ടു യൂണിറ്റ് വാഹനങ്ങള്‍ എത്തിയിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു പാലായില്‍ നിന്നും പാമ്പാടിയില്‍ നിന്നും സേനാ യൂണിറ്റുകള്‍ എത്തി.
പിന്നീട്, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുകൂടി ഓരോ യൂണിറ്റ് സേനയെത്തി. ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി പത്തോതോടെയോടെയാണു തീ നിയന്ത്രണ വിധേയമാക്കിയത്. ഗാന്ധിനഗര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് തീ അണച്ചത്.