ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയിലെ ജീവനക്കാരെയും ബാധിച്ചുതുടങ്ങി. ഇന്ത്യയില്‍ ഏകദേശം 3,000 ജീവനക്കാരെ വരെ ബാധിക്കാന്‍ സാധ്യത

 
oracle

പ്രമുഖ ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ത്യയിലെ ജീവനക്കാരെയും ബാധിച്ചുതുടങ്ങി. പ്രോഡക്ട് എന്‍ജിനീയറിങ് ടീമുകളെയാണ് ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. 

സപ്പോര്‍ട്ട്, കണ്‍സള്‍ട്ടന്‍സി വിഭാഗങ്ങളെ ഇത് താരതമ്യേന കുറഞ്ഞ അളവിലേ ബാധിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയിലെ പിരിച്ചുവിടലിന്റെ കൃത്യമായ വ്യാപ്തിയെക്കുറിച്ച് ഒറാക്കിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബര്‍ 14-ന് അമേരിക്കയില്‍ ആരംഭിച്ച പിരിച്ചുവിടല്‍ നീക്കങ്ങള്‍ പിന്നീട് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആഗോളതലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായി ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയറിലെ ചില മുതിര്‍ന്ന ജീവനക്കാരെയും ഈ നടപടി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


ഇന്ത്യയില്‍ ഏകദേശം 3,000 ജീവനക്കാരെ വരെ ഈ നടപടി ബാധിച്ചേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. ആഗോളതലത്തില്‍ 7,000-ത്തിനും 10,000-ത്തിനും ഇടയില്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുനഃസംഘടന പൂര്‍ത്തിയായി കൂടുതല്‍ നോട്ടീസുകള്‍ നല്‍കുന്നതോടെ മാത്രമേ അന്തിമ കണക്കുകളില്‍ വ്യക്തത വരികയുള്ളൂ.

നിര്‍മിതബുദ്ധി (എഐ), ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡാറ്റാ സെന്റര്‍ ശേഷി എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഒറാക്കിള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മേഖലകളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്.

Tags

Share this story

From Around the Web