കോറോ ഹെൽത്തിൽ കൂട്ട പിരിച്ചു വിടൽ. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കമ്പനി പിരിച്ചുവിട്ടത് തൊള്ളായിരത്തോളം ജീവനക്കാരെ . കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു
കൊച്ചി: കൊച്ചിയിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ കോറോ ഹെൽത്തിൽ കൂട്ട പിരിച്ചു വിടൽ. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കമ്പനി തൊള്ളായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്.
കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടതിനെത്തുടർന്ന് പിരിച്ചുവിടൽ മരവിപ്പിച്ചിട്ടുണ്ട്.
ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. അതിനുശേഷം തുടർ തീരുമാനമുണ്ടാകും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനം.
കൂട്ടപിരിച്ചുവിടൽ വിവാദമായതോടെ ഉമ തോമസ് എംഎല്‍എ വിഷയത്തില്‍ ഉടനടി ഇടപെട്ടു. കൊച്ചിയിലെ കമ്പനിയിലെത്തി ജീവനക്കാരുമായി എംഎൽഎ സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തൊഴിൽ മന്ത്രിയും വിഷയത്തിൽ ഇടപെട്ടത്.
ജീവനക്കാര്‍ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. പിരിച്ചുവിടൽ അനൗൺസ്മെന്റ് ചെയ്യുകയായിരുന്നു. തുടർന്ന് കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടയ്ക്കുകയും ചെയ്തു.
പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പും നൽകിയില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.