മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം നമ്മുക്ക് നിത്യത ഉറപ്പ് നല്‍കുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവം പരിശുദ്ധ മറിയത്തിനു നല്‍കിയതു കൃപയുടെ പൂര്‍ത്തീകരണമാണെന്നും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം നമ്മുക്ക് നിത്യത ഉറപ്പ് നല്‍കുകയാണെന്നും ലെയോ പാപ്പ.
സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഇന്നു പതിനഞ്ചാം തീയതി കാസ്റ്റല്‍ ഗന്തോള്‍ഫോയിലെ സെന്റ് തോമസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
മറിയത്തിന്റെ ഹൃദയത്തില്‍, ഭൂമിയും സ്വര്‍ഗ്ഗവും ഒന്നിക്കുന്ന നിത്യതയുടെ അടയാളമാണ് സൂര്യനെ ഉടയാടയാക്കിയും പാദത്തിന്റെ ചുവട്ടില്‍ ചന്ദ്രനെയും കൊണ്ടുള്ള സ്ത്രീയുടെ ചിത്രം വെളിപാട് പുസ്തകം വിവരിക്കുന്നതെന്നും പാപ്പ പറഞ്ഞു.
തന്റെ വിശ്വാസത്തിന്റെ ലളിതമായ പ്രകടനങ്ങളിലൂടെ, സ്വര്‍ഗ്ഗസ്ഥയായ അമ്മ മഹത്തായ രഹസ്യങ്ങളെക്കുറിച്ച് നമ്മോട് ലളിതമായി സംസാരിക്കുന്നതാണ് മറിയത്തിന്റെ സ്‌തോത്രഗീതത്തിലെ വാക്കുകള്‍.
ദൈവകൃപയാല്‍ ആത്മാവിന്റെ ശുദ്ധി വ്യക്തിയെ മുഴുവന്‍ പ്രകാശിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിന്റെ തെളിവാണ്, ദൈവമാതാവിന്റെ അഴുകാത്ത ശരീരവും അവളുടെ നിര്‍മ്മല ഹൃദയവും.
മറിയം ആത്മാവോടും ശരീരത്തോടും കൂടെ മഹത്വീകരിക്കപ്പെട്ടത്, നമ്മുടെ യഥാര്‍ത്ഥ സൗന്ദര്യം കടന്നുപോകുന്ന കാലത്തിന്റെ അടയാളങ്ങള്‍ ഒളിപ്പിക്കുന്നതിലല്ല, മറിച്ച് ഒരിക്കലും അവസാനിക്കാത്ത സ്‌നേഹത്തിന്റെ അടയാളങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രകടിപ്പിക്കുന്നതിലാണെന്നു, പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ പാപ്പ അനുസ്മരിച്ചു.
ലോകം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന, ആഡംബരത്തിനും ഉപഭോഗസംസ്‌കാരത്തിനും മുന്‍ഗണന നല്‍കുന്ന സൗന്ദര്യ സങ്കല്പങ്ങളെ പുനര്‍ചിന്തനം ചെയ്യാന്‍ ഇത് നമ്മെ ക്ഷണിക്കുന്നു.
യഥാര്‍ത്ഥത്തില്‍ പ്രാധാന്യമില്ലാത്തതും ശാശ്വതമല്ലാത്തതുമായ കാര്യങ്ങള്‍ക്കായി വിലയേറിയ ഊര്‍ജ്ജം പാഴാക്കുന്നു.
നമ്മെ പൊതിഞ്ഞിരിക്കുന്നതും നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമായ ദിവ്യസൗന്ദര്യം കണ്ടെത്താനും വളര്‍ത്താനും ചുറ്റുമുള്ളവരിലേക്ക് അത് പകര്‍ന്നുനല്‍കാനും, ഓരോ ജീവിതസാഹചര്യങ്ങളും പകര്‍ന്നു നല്‍കുന്ന അനുഭവങ്ങളെ ശ്രവിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും പാപ്പ പറഞ്ഞു.
മനുഷ്യന്റെ ഏറ്റവും മനോഹരമായ ആഭരണം സ്‌നേഹമാണെന്നും അത് ജീവിതത്തിന്റെ, മാറ്റങ്ങള്‍ക്കിടയിലും നമ്മെ രൂപാന്തരപ്പെടുത്തുകയും, വിശുദ്ധീകരിക്കുകയും, ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു.