യേശുവിനെ ശ്രദ്ധിക്കാനും അവിടുത്തെ വചനം അനുസരിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നു: പാപ്പാ

 
leo 2


തന്റെ സ്‌പെയിന്‍ പര്യടനത്തിന്റെ ഭാഗമായി, ബാഴ്സലോണയിലെ  മോണ്ട്‌സെറാത്തിലെ മാതാവിന്റെ സന്നിധിയില്‍ എത്തിയ പരിശുദ്ധ പിതാവ്, അവിടുത്തെ മെത്രാന്മാരെയും  വൈദികരെയും സന്യസ്തരെയും പ്രത്യേകിച്ച് കൊച്ചു കുട്ടികളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. 


'മൊറെനെത്ത' (ങീൃലിലമേ) എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന മോണ്ട്‌സെറാത്തിലെ കറുത്ത മാതാവിന്റെ പാദങ്ങളില്‍ തന്റെ പത്രോസിനടുത്ത ശുശ്രൂഷയും,  ലോകം കാംക്ഷിക്കുന്ന നീതിയും സമാധാനവും സമര്‍പ്പിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പെറുവിലെ ട്രൂജില്ലോയില്‍ (ഠൃൗഷശഹഹീ) താന്‍ ഇടവക വികാരിയായിരുന്ന കാലത്ത് മോണ്ട്‌സെറാത്ത് മാതാവിനോടുണ്ടായിരുന്ന വ്യക്തിപരമായ ഭക്തിയും  അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

 നൂറ്റാണ്ടുകളായി വിശ്വാസികളുടെ കണ്ണുനീരിനും പ്രാര്‍ത്ഥനകള്‍ക്കും സാക്ഷ്യം വഹിച്ച ഈ പുണ്യസങ്കേതം കറ്റാലന്‍ ജനതയുടെ വിശ്വാസത്തിന്റെ അടയാളമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ഗായകസംഘമായ 'എസ്‌കൊളാനിയ' (ഋരെീഹമിയ്ക്കമ) പാടുന്ന സ്തുതിഗീതങ്ങളും ക്രിസ്തുവിനായി രക്തസാക്ഷിത്വം വരിച്ചവരുടെ ചരിത്രവും ഇവിടെ ഉണ്ടെന്നു പറഞ്ഞ പാപ്പാ,  2023-ല്‍ ഫ്രാന്‍സിസ് പാപ്പാ, 'സുവര്‍ണ്ണ റോസാപുഷ്പം' സമര്‍പ്പിച്ചത് അനുസ്മരിച്ചുകൊണ്ട്, മറിയം ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ എത്രത്തോളം അവിഭാജ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള തന്റെ ആയുധങ്ങള്‍ വെടിഞ്ഞ് യേശുവിനായി ജീവിതം സമര്‍പ്പിച്ച മാറ്റത്തിന്റെ ഇടം കൂടിയാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാനായിലെ കല്യാണവിരുന്നില്‍ മറിയം നല്‍കിയ 'അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍' (യോഹന്നാന്‍ 2, 5) എന്ന നിര്‍ദ്ദേശം ഒരു ക്രൈസ്തവ ജീവിതത്തിന്റെ പൂര്‍ണ്ണരൂപമാണെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. 

യേശുവിനെ ശ്രദ്ധിക്കാനും അവിടുത്തെ വചനം അനുസരിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നു. 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍' എന്ന യേശുവിന്റെ കല്പന പ്രാവര്‍ത്തികമാക്കാനാണ് മറിയം നമ്മോട് ആവശ്യപ്പെടുന്നത്. 

ഈ സ്‌നേഹം വെറുമൊരു വികാരമല്ല, മറിച്ച് സുവിശേഷത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹൃദയത്തെ പാകപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വാക്കുകളിലും മനോഭാവങ്ങളിലും ഒളിഞ്ഞിരിക്കുന്ന അക്രമ ചിന്തകളെക്കുറിച്ചു പാപ്പാ മുന്നറിയിപ്പ് നല്കിയതോടൊപ്പം, മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന വിമര്‍ശനങ്ങള്‍, നശിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവങ്ങള്‍, ഭിന്നിപ്പുണ്ടാക്കുന്ന ആക്രമണോത്സുകത എന്നിവ ഉപേക്ഷിക്കുവാന്‍ ആഹ്വാനവും ചെയ്തു. 

മോണ്ട്‌സെറാത്ത് മാതാവിന്റെ മടിയിലിരിക്കുന്ന ഉണ്ണീശോ നിരായുധനാണെന്നും, സ്‌നേഹത്തിന്റെ നിരായുധമായ ശക്തിയിലൂടെയാണ് ലോകം രക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ ധരിക്കേണ്ടത് സത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആയുധങ്ങളാണെന്ന് അദ്ദേഹം വിശുദ്ധ പൗലോസിനെ ഉദ്ധരിച്ച് ഓര്‍മ്മിപ്പിച്ചു.

 മാതാവിന്റെ കയ്യിലുള്ള ഗോളം ലോകത്തോടുള്ള അവളുടെ സംരക്ഷണത്തിന്റെ പ്രതീകമാണ്. ആരും മാറ്റിനിര്‍ത്തപ്പെടാത്ത, വിഭജനങ്ങളില്ലാത്ത ഒരു ലോകത്തിനായി നാം പരിശ്രമിക്കണം. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും  രാഷ്ട്രീയ ചര്‍ച്ചകളിലും വിദ്വേഷത്തിന് പകരം സ്‌നേഹവും പ്രത്യാശയും വളര്‍ത്തണം. 

കുട്ടികളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു എന്ന യേശുവിന്റെ വചനം ഓര്‍മ്മിപ്പിച്ചുകൊണ്ട്, നിസ്സഹായരായവരെ സ്‌നേഹിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

 സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് വിദ്വേഷം ഉപേക്ഷിക്കാന്‍ സഹായിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. 

കറ്റാലന്‍ ജനതയ്ക്കും ലോകം മുഴുവനും മറിയം എന്നും പ്രത്യാശയുടെയും സംരക്ഷണത്തിന്റെയും മാതാവായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു ചെറിയ പ്രാര്‍ത്ഥനയോടെ അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു.

Tags

Share this story

From Around the Web