വത്തിക്കാനില്‍നിന്നും പ്രത്യേക അംഗീകാരം ലഭിച്ച മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു

 
mar rafel thattil

തൃശൂര്‍: വത്തിക്കാനില്‍നിന്നും പ്രത്യേക അംഗീകാരം ലഭിച്ച മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

ബെല്‍ജിയം ലുവെയ്ന്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ദൈവശാസ്ത്ര പഠനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്നങ്ങളുമായി സംവദിക്കാന്‍ കഴിയുന്നവിധത്തിലുള്ള പഠനപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസിച്ചു.

തൃശൂര്‍ അതിരൂപതാധ്യക്ഷനും  മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോഡറേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് തൂങ്കുഴി 1998-ല്‍ ആരംഭിച്ച മേരിമാതാ മേജര്‍ സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനമെന്ന് മാര്‍ താഴത്ത് പറഞ്ഞു.


സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ലുവെയ്ന്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റി ഡീന്‍ പ്രഫ. ബനഡിക്ട് ലെംലിന്‍, വൈസ് ഡീന്‍ പ്രഫ. പീറ്റര്‍ ഡിമെ, സെമിനാരി റെക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, മേരിമാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടര്‍ റവ.ഡോ. പോള്‍ പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നിഖ്യാ സുനഹദോസിന്റെ 1700-ാം വാര്‍ഷിക സെമിനാര്‍ ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍, ഡോ. മോത്തി വര്‍ക്കി, ഡോ. ജെയിംസ് പുലിയുറുമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കല്‍, ഡോ. സിബി ചെറുതോട്ടില്‍, ഡോ. ബില്‍ജു വാഴപ്പിള്ളി, സിസ്റ്റര്‍ ഡോ. ജൂലിയറ്റ് എന്നിവര്‍ പ്രസംഗിച്ചു.

വൈദികര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവര്‍ക്ക് മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഡിഗ്രി എടുക്കാനാകും.

Tags

Share this story

From Around the Web