സഭയിലെ ഏറ്റവും വലിയ സുവിശേഷകരാണ് രക്തസാക്ഷികളെന്ന് ലെയോ പാപ്പ
കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷകരില്‍ മുന്‍പന്തിയിലാണ് രക്തസാക്ഷികളുടെ സ്ഥാനമെന്ന് ഓര്‍മിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസില്‍ നടന്ന '21-ാം നൂറ്റാണ്ട്: രക്തസാക്ഷികളുടെ പുതിയ കാലഘട്ടമോ?' എന്ന കോണ്‍ഗ്രസില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും പുതിയ രക്തസാക്ഷികള്‍ക്കും വിശ്വാസ സാക്ഷികള്‍ക്കുമായുള്ള കമ്മീഷനും സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.
''തങ്ങളെ കൊലപ്പെടുത്തിയവര്‍ വിശ്വാസത്തോടുള്ള വെറുപ്പ് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമായി തെളിയിക്കാനാവാത്ത സാഹചര്യങ്ങളില്‍ പോലും, മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തിയവരാണ് രക്തസാക്ഷികള്‍. ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട വാഴ്ത്തപ്പെട്ടവരുടെയും രക്തസാക്ഷികളുടെയും പട്ടികയില്‍ ഉള്‍പ്പെടുന്നതിനേക്കാള്‍ വിശാലമായ ഒരു അര്‍ഥമാണ് ഈ പദത്തിനുള്ളത്,'' പാപ്പ വ്യക്തമാക്കി.
''സുവിശേഷത്തിന്റെ പേരില്‍ അനീതികളെ എതിര്‍ത്തതുകൊണ്ട് അധികാര ദുര്‍വിനിയോഗത്തിലൂടെയും ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണങ്ങളിലൂടെയും വിവിധ ഭൂമിശാസ്ത്ര-രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നുണ്ട്. അവരെല്ലാം തങ്ങളുടെ ജീവന്‍ നല്‍കി ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തിയവരാണ്. അടിച്ചമര്‍ത്തലിന്റെയും സ്വാര്‍ഥതയുടെയും ഇരുളില്‍ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ് അവര്‍,'' പാപ്പ കൂട്ടിച്ചേര്‍ത്തു.