ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം പ്രമേയമാക്കി മാർട്ടിൻ സ്കോർസെസെ ഒരുക്കിയ ചിത്രം വത്തിക്കാനിൽ പ്രദർശിപ്പിച്ചു
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഏറെ ആദരിക്കുന്ന അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും ആത്മീയ ദർശനങ്ങളും പ്രമേയമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെ ഒരുക്കിയ ‘വില്ലേജസ് ദി ഫൈനൽ ഡ്രീം ഓഫ് പോപ്പ് ഫ്രാൻസിസ്’ (the Villages, the Final Dream of Pope Francis) എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം വത്തിക്കാനിൽ നടന്നു.
മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 21 – നാണ് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ ഈ പ്രീമിയർ സംഘടിപ്പിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് തൊട്ടുമുൻപ് രേഖപ്പെടുത്തിയ, ഇതുവരെ പുറംലോകം കാണാത്ത സന്ദേശങ്ങളും അഭിമുഖങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.
മാർപാപ്പയുടെ അവസാന ദർശനങ്ങൾ സ്കോർസെസെയുടെ ചലച്ചിത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് ഇതിനെ ശ്രദ്ധേയമാക്കുന്നു. ഇറ്റലി, ഇന്തോനേഷ്യ, ഗാംബിയ, വത്തിക്കാൻ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ വിവിധ ജനവിഭാഗങ്ങളുടെ ജീവിതവും അവരുടെ അതിജീവന പോരാട്ടങ്ങളും ദൃശ്യവൽക്കരിക്കുന്നുണ്ട്. വെറുമൊരു സിനിമ എന്നതിലുപരി മാനവികത, കല, ആത്മീയത എന്നിവയെ കോർത്തിണക്കി മനുഷ്യബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സാംസ്കാരിക മുന്നേറ്റമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
”ഫ്രാൻസിസ് മാർപാപ്പയുടെ ശുശ്രൂഷാ ജീവിതത്തോടുള്ള ആദരവാണ് ഈ ചിത്രം. മനുഷ്യത്വം നിറഞ്ഞ ഒരു സംസ്കാരം കെട്ടിപ്പടുക്കാനുള്ള മാർപാപ്പയുടെ സ്വപ്നമാണ് സിനിമയിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിച്ചിരിക്കുന്നത്” സ്കോർസെസെ പറഞ്ഞു.
‘സ്കോളാസ് ഒക്കുറന്റസ്’ എന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.