ഇപ്പോള്‍ പഠനവും സാമ്പത്തിക സ്ഥിരതയും അതിനു ശേഷം മാത്രം വിവാഹം:അഭിജീത് ദീപ്‌കെ
ഡല്‍ഹി: പഠനം പൂര്‍ത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് വ്യക്തമാക്കി കോക്റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ 26-കാരന്‍ അഭിജീത് ദീപ്‌കെ. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി വിവാഹാലോചനകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വിവാഹത്തിന് തയ്യാറല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
''കഴിഞ്ഞ രണ്ട് വര്‍ഷമായി അഭിജീത്തിന് വിവാഹാലോചനകള്‍ വരുന്നുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കുന്ന സാഹചര്യത്തിലെത്തിയ ശേഷമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ. ഡല്‍ഹിയിലെ സമരത്തിന് ശേഷം വിവാഹാലോചനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്,'' എന്ന് മാതാവ് അനിത ദീപ്‌കെ പറഞ്ഞു.
അതിനിടെ, ടൈഫോയ്ഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിജീത് രോഗമുക്തി നേടിയ ശേഷം വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ക്കെതിരെ സി.ജെ.പി.യുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടികള്‍ തുടര്‍ന്നാല്‍ രാജ്യവ്യാപകമായി വീണ്ടും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധക്കാരെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് നടപ്പാക്കണമെന്നാണ് സി.ജെ.പി.യുടെ പ്രധാന ആവശ്യം. മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജന്തര്‍ മന്തറില്‍ 36 ദിവസം നീണ്ട സമരം സംഘടന അവസാനിപ്പിച്ചിരുന്നെങ്കിലും, പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ തുടരുകയാണെന്നാരോപിച്ച് വീണ്ടും സമരം ശക്തമാക്കാനാണ് സി.ജെ.പി.യുടെ തീരുമാനം