ബാഴ്‌സലോണയിലെ യുവജന സംഗമത്തില്‍ ആത്മീയ അന്വേഷണങ്ങള്‍ക്കും മാനസികാരോഗ്യത്തിനും ഊന്നല്‍ നല്‍കി മാര്‍പാപ്പ

 
leo papa


വത്തിക്കാന്‍സിറ്റി: സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബാഴ്‌സലോണയിലെ ലൂയിസ് കമ്പാനിസ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമന്‍ പാപ്പ. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും ആത്മീയ അസ്വസ്ഥതകളെ ഭയപ്പെടാതെ ദൈവത്തില്‍ വിശ്വസിക്കാനും 'ക്ഷമ' എന്നത് പെട്ടെന്നുള്ള ഒരു പ്രവൃത്തിയല്ല, മറിച്ച് ആന്തരികമുറിവുകള്‍ ഉണക്കുന്ന ദീര്‍ഘമായ ഒരു യാത്രയാണെന്ന് തിരിച്ചറിയാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സമീപകാലത്ത് ജ്ഞാനസ്‌നാനം സ്വീകരിച്ച ഫെറാന്‍ എന്ന യുവാവ്, ഭൗതികമായ വിജയങ്ങളും അംഗീകാരങ്ങളും നേടിയിട്ടും തനിക്ക് അനുഭവപ്പെട്ട ആന്തരികശൂന്യതയെക്കുറിച്ച് മാര്‍പാപ്പയോട് പങ്കുവച്ചു. ഇത്തരം ആത്മീയ അസ്വസ്ഥതകളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

''നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അനന്തതയിലേക്കാണ്. അതുകൊണ്ടാണ് ഭൗതികമായ ഓരോ നേട്ടങ്ങളും ലക്ഷ്യങ്ങളും താല്‍ക്കാലികമായി നമ്മെ തൃപ്തിപ്പെടുത്തുമെങ്കിലും, കൂടുതല്‍ മുന്നോട്ട് തിരയാന്‍ അവ നമ്മെ പ്രേരിപ്പിക്കുന്നത്''  പാപ്പ പറഞ്ഞു. ആധുനികസമൂഹത്തിലെ 'ലാഭക്കൊതിയും മത്സരബുദ്ധിയും', 'ബാഹ്യസൗന്ദര്യ ആരാധനയും' മനുഷ്യന്റെ മനഃസാക്ഷിയെ തളര്‍ത്തുന്ന കാര്യങ്ങളാണെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. അതേസമയം, നിരന്തരമായ ശ്രദ്ധതിരിക്കലുകള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ യുവാക്കള്‍ നിശ്ശബ്ദതയും ആത്മീയതയും വളര്‍ത്തിയെടുക്കണമെന്നും ദിവസവും കുറച്ചു സമയം സുവിശേഷം വായിക്കാനും ദൈവത്തോട് സംസാരിക്കാനും മാറ്റിവയ്ക്കണമെന്നും പാപ്പ ഉപദേശിച്ചു.

വിഷാദരോഗത്തോടും ആത്മഹത്യാചിന്തകളോടും പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്ന കാര്‍മിന എന്ന യുവതി, ''എല്ലാം ഇരുട്ടായിരിക്കുമ്പോള്‍ ദൈവം എവിടെയാണ്?'' എന്ന ചോദ്യം മാര്‍പാപ്പയ്ക്കു മുന്നില്‍ ഉന്നയിച്ചു. അവളുടെ ധീരതയെ പ്രശംസിച്ച മാര്‍പാപ്പ, പുരോഗതി പ്രാപിച്ചെന്ന് അവകാശപ്പെടുന്ന ആധുനികസമൂഹങ്ങളില്‍ മാനസികാരോഗ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. മനുഷ്യരില്‍ അനാവശ്യ സമ്മര്‍ദങ്ങളും അമിതപ്രതീക്ഷകളും അടിച്ചേല്‍പ്പിക്കുന്ന ഇന്നത്തെ പുരോഗതിയുടെ തെറ്റായ ശൈലിയാണ് ഇതിന് കാരണമെന്ന് പാപ്പ നിരീക്ഷിച്ചു.

''മനുഷ്യന്റെ എല്ലാ ഏകാന്തതയും വേദനയും യേശു തന്റെ ശരീരത്തില്‍ ഏറ്റുവാങ്ങി. കഷ്ടപ്പാടുകളില്‍ ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ല എന്ന് കുരിശ് തെളിയിക്കുന്നു''  ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. എന്നാല്‍, കഷ്ടപ്പാടുകളെ ഉപരിപ്ലവമായി കണ്ട് അത് 'ദൈവഹിത'മാണെന്ന് പറഞ്ഞ് ലഘൂകരിക്കരുതെന്നും ദൈവം ഒരിക്കലും കഷ്ടപ്പാടുകള്‍ ആഗ്രഹിക്കുന്നില്ലെന്നും അത് നമ്മോടൊപ്പം സഹിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഹികപീഡനവും ലഹരി അടിമത്തവും അതിജീവിച്ച് കത്തോലിക്കാ പുനരധിവാസ കേന്ദ്രത്തിലൂടെ വിശ്വാസത്തിലേക്ക് കടന്നുവന്ന സെസിലിയ എന്ന യുവതിയുടെ ചോദ്യം ഏറെ പ്രാധാന്യമുള്ളതായിരുന്നു. 'തന്റെ അമ്മയെ കൊല്ലാന്‍ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കാന്‍ കഴിയും' എന്നതായിരുന്നു അവളുടെ ചോദ്യം.

''എവിടെയായിരുന്നു ദൈവം?'' എന്ന ചോദ്യത്തിനു മറുപടിയായി, മനുഷ്യന്റെ ഉത്തരവാദിത്തങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ മാര്‍പാപ്പ, അക്രമങ്ങള്‍ക്കും സ്വാര്‍ഥതയ്ക്കും കാരണം സമൂഹത്തിലെ വ്യക്തികേന്ദ്രീകൃതമായ സംസ്‌കാരമാണ്, ദൈവമല്ല എന്ന് ഓര്‍മ്മിപ്പിച്ചു.

''ക്ഷമ എന്നത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. അത് ആന്തരികമുറിവുകള്‍ ഉണക്കാനുള്ള ദീര്‍ഘമായൊരു പ്രക്രിയയും യാത്രയുമാണ്. ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റവര്‍ക്ക് ക്ഷമിക്കുക പ്രയാസകരമാണ്. ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ട് ചെറിയ ചുവടുകളിലൂടെ മാത്രമേ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ സാധിക്കൂ. അതിക്രമങ്ങള്‍ നടന്ന സാഹചര്യങ്ങളില്‍, ക്ഷമിക്കുക എന്നതിനര്‍ഥം പഴയ ബന്ധം അതുപോലെ തുടരുക എന്നതല്ല. ഹൃദയത്തില്‍ നിന്ന് പ്രതികാരചിന്തകളും വെറുപ്പും ഉപേക്ഷിച്ച്, ആ വ്യക്തിക്ക് നന്മ വരാന്‍ പ്രാര്‍ഥിക്കുക എന്നതാണ്''  ക്ഷമയെക്കുറിച്ച് മാര്‍പാപ്പ വ്യക്തമാക്കിയത് ഇങ്ങനെയാണ്.

വേദന നിറഞ്ഞ ഓര്‍മ്മകള്‍ പേറുന്ന ആരും പ്രത്യാശ കൈവിടരുതെന്നും വെറുപ്പിനെ കാരുണ്യമാക്കി മാറ്റാന്‍ ദൈവത്തിന് സാധിക്കുമെന്നും ഓര്‍മ്മിപ്പിച്ചാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web