ലോഗോ പരിചരണത്തിലൂടെയും പാക്കേജിങ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയും മുന്‍നിര ബ്രാന്‍ഡുകളുടെ വിപണിമൂല്യം ഉയര്‍ത്തിയ കലാകാരന്‍,ഡിസൈനര്‍ പ്രിന്‍സ് പോളിന്റെ വേര്‍പാട് സമൂഹത്തിന് തീരാനഷ്ടം
ഭരണങ്ങാനം: ലോഗോ പരിചരണത്തിലൂടെയും പാക്കേജിങ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയും മുൻനിര ബ്രാൻഡുകളുടെ വിപണിമൂല്യം ഉയർത്തിയ പ്രശസ്ത ഡിസൈനർ പ്രിൻസ് പോൾ (55)ൻ്റെ വിയോഗം നാടിൻ്റെ നൊമ്പരമായി.
കലാബോധവും സാങ്കേതിക തികവും കോർത്തിണക്കി ബ്രാൻഡിങ് രംഗത്ത് തന്റേതായ ഒപ്പ് പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കല, ഡിസൈനിങ്, സാമൂഹിക രംഗങ്ങൾക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോഗോയെ ബ്രാൻഡിന്റെ തലസ്ഥാനമാക്കുന്ന തത്ത്വത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികൾ. ഈരാറ്റുപേട്ടയിലെ റോയൽ കോഫിയുടെ പാക്കറ്റ് ഡിസൈൻ ചെയ്തുകൊണ്ട് തുടക്കമിട്ട പ്രിൻസ്, പിന്നീട് ഈസ്റ്റേൺ, പവിഴം, മോഹൻലാൽ ടേസ്റ്റീബഡ്സ്, ആൻസ്, പെരിയാർ റൈസ്, നിർമ്മൽ റൈസ്, അജ്മി തുടങ്ങി ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുടെ വിജയത്തിന് പിന്നിലെ സൂത്രധാരനായി മാറി.
ഡിസൈനുകളുടെ പൂർണ്ണതയ്ക്കായി അത്യദ്ധ്വാനം ചെയ്ത അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് ഈ ബ്രാൻഡുകളെയെല്ലാം വിപണിയിലെ ഒന്നാമന്മാരാക്കി മാറ്റിയത്. കലാരംഗത്ത് മാത്രമല്ല, സാമൂഹിക ഇടപെടലുകളിലും തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു പ്രിൻസ് പോളിന്റേത്.
ഏറ്റുമാനൂർ-പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയിലെ കൊച്ചിടപ്പാടിയിലെ അപകടകരമായ 'ബ്ലൈൻഡ് സ്പോട്ട്' ശാസ്ത്രീയമായി നിർമ്മാർജനം ചെയ്തതും ഭരണങ്ങാനത്തെ അപകടവളവിനെ 'ജ്യോമെട്രിക് കറക്ഷനി'ലൂടെ പരിഹരിക്കാൻ നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് തെളിവാണ്.
ശാസ്ത്രീയ സമീപനത്തിലൂടെ അന്ധവിശ്വാസങ്ങളെയും ദുഷ്പ്രവണതകളെയും നിയമലംഘനങ്ങളെയും ചോദ്യം ചെയ്യാനും നന്മയ്ക്കായി കലഹിക്കാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും വ്യക്തിബന്ധങ്ങൾക്കും സ്നേഹത്തിനും എന്നും പ്രഥമസ്ഥാനമാണ് നൽകിയിരുന്നത്.
1971 ജനുവരി 28-ന് ഹോമിയോ ഡോക്ടർ എം.ടി. പോൾ മാടപ്പള്ളിയുടെയും അധ്യാപിക ആനിയുടെയും മകനായി ജനിച്ച പ്രിൻസ്, മുത്തച്ഛൻ തോമസ് ടി. മാടപ്പള്ളിയിൽ നിന്നാണ് ചിത്രകലയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. കുറിച്ചി ഹോമിയോപ്പതി കോളജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയെങ്കിലും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം അദ്ദേഹത്തെ ഡിസൈനിങ് ലോകത്തേക്ക് എത്തിക്കുകയായിരുന്നു.
തന്റെ ഡിസൈൻ സ്ഥാപനമായ 'ഫിഫ്ത്-സോണി'ന്റെ ചുമതലകൾ മക്കളായ ജോൺ, ഫെലിക്സ്, ആന്റൺ എന്നിവരെ പരിശീലിപ്പിച്ചു ഏൽപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാര്യ ജൂലി തോമസും കുടുംബവും അദ്ദേഹത്തിന്റെ എല്ലാ ഉദ്യമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടായിരുന്നു.
താൻ കടന്നുപോയ വഴികളിലെല്ലാം സ്വന്തം ഇച്ഛാശക്തി കൊണ്ട് വിജയക്കൊടി നാട്ടി, ജീവിതത്തിന്റെ കൊടുമുടിയിൽ നിൽക്കവെയാണ് പ്രിൻസ് പോൾ യാത്രയാകുന്നത്. സംസ്‌കാരം ഭരണങ്ങാനം പള്ളിയിൽ നടത്തി.