പശ്ചിമ ബംഗാളില്‍ മരിയന്‍ ഗ്രോട്ടോ തകര്‍ത്ത് അക്രമം, പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല
കൊല്‍ക്കത്ത: ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ശക്തമായ പശ്ചിമ ബംഗാളില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള റൈദിഘിയിലെ 'ഖാരി ബാമുനെര് ചക്' എന്ന ഗ്രാമത്തില്‍ പള്ളിക്കരികില്‍ സ്ഥാപിച്ച മരിയന്‍ രൂപമാണ് ആക്രമികള്‍ തകര്‍ത്തത്.
സഭാധികൃതര്‍ റൈദിഘി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. പാസ്റ്ററല്‍ റീജനല്‍ ചുമതലയുള്ള ഫാ. ഉജ്ജ്ജ്വല് മൊണ്ടല്‍ സ്ഥലം സന്ദര്‍ശിച്ചു.
ക്രൈസ്തവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അസഹിഷ്ണുതയുള്ള ചില വ്യക്തികളാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെന്ന് ഫാ. ഉജ്ജ്ജ്വല് 'ദി ടെലിഗ്രാഫ്' എന്ന ദിനപത്രത്തോട് പറഞ്ഞു. ആക്രമണങ്ങള്‍ ഓരോ ദിവസവും തുടരുകയാണെന്നും 16 സംഭവങ്ങളില്‍ പോലീസ് പരാതി റജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ലെന്നും ബംഗീയ ക്രിസ്തീയ പരിസേവ (ബിസിപി) സെക്രട്ടറി ഹെറോഡ് മല്ലിക് പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ പശ്ചിമ ബംഗാളിന്റെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം, സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവരുടെ ഭവനങ്ങള്‍ക്കു നേരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്.
ആക്രമണ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് മരിയന്‍ രൂപത്തിന് നേരെയുള്ള ആക്രമണം. ഓരോ സംഭവത്തിന് ശേഷവും പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ കണ്ടെത്തി അവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ ആയിരകണക്കിന് ക്രൈസ്തവരുടെ റാലി നടന്നിരുന്നു.