മാര്‍ക്കോ ഗാലോയുടെ നാമകരണനടപടികള്‍ ആരംഭിച്ചു

 
MARCO GALLOO

മിലാന്‍/ഇറ്റലി: 2011 നവംബര്‍ 5-ാം തീയതി സ്‌കൂളിലേക്കുള്ള യാത്രാമധ്യേ കാറിടിച്ച് മരണമടഞ്ഞ കൗമാരക്കാരനായ മാര്‍ക്കോ ഗാലോയുടെ നാമകരണനടപടികള്‍ ആരംഭിച്ചു. 

ജീവിതത്തെ ആഘോഷമാക്കി മാറ്റുകയും ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കുന്നതില്‍ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തുകയും ചെയ്ത യുവാവായിരുന്നു മാര്‍ക്കോ ഗല്ലോ. 

അടുത്ത കാലത്ത് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട  കാര്‍ലോ അക്യുറ്റിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രസാത്തിയെയും പോലെ പ്രകൃതിയെ സ്‌നേഹിക്കുകയും പര്‍വതാരോഹണം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന മാര്‍ക്കോ  17-ാം വയസിലാണ് അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. 

മാര്‍ച്ച് 7-ന് മിലാനില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചുബിഷപ് മാരിയോ ഡെല്‍ഫിനി, ദൈവദാസനായ മാര്‍ക്കോ ഗാലോയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു.

മെഡ്ജുഗോറിയ മാതാവിന്റെ ഒരു ചിത്രത്തോടൊപ്പം അസാധാരണമായ ഒരു കുറിപ്പും മരണശേഷം മാര്‍ക്കോയുടെ പോക്കറ്റില്‍ നിന്ന് ലഭിച്ചു. 

ആ കുറിപ്പില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു -' ഇന്നേദിനം ആര്‍ക്കുവേണ്ടി സമര്‍പ്പിക്കണമെന്ന്, എന്റെ ജീവിതത്തിലെ അവസാനദിനമെന്ന പോലെ, വലിയ ആഗ്രഹത്തോടും ശക്തിയോടെയും ഞാന്‍ തിരഞ്ഞെടുക്കും.  

യാഥാര്‍ത്ഥ്യം, എത്ര കഠിനമാണെങ്കിലും, അത് അംഗീകരിച്ചുകൊണ്ട് ഞാന്‍ ആ 'രഹസ്യത്തെ' തേടുമെന്ന് വാഗ്ദാനം ചെയ്യുന്നു. (ദൈവത്തെ) 'ആ രഹസ്യത്തെ' മാത്രം ഞാന്‍ ആശ്രയിക്കുന്നു.'
മരിക്കുന്നതിന്റെ തലേദിവസം മാര്‍ക്കോ തന്റെ മുറിയിലെ ക്രൂശിത രൂപത്തിനരികില്‍ ഇങ്ങനെ എഴുതിവെച്ചു: 'നിങ്ങള്‍ എന്തിനാണ് ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ തിരയുന്നത്?'.  

നിത്യജീവനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഈ വരികളാണ് മകന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയില്‍ തകര്‍ന്നുപോയെ തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് മാര്‍ക്കോയുടെ അമ്മ പൗള സെവാസ്‌കോ പറഞ്ഞു. 

മറിയത്തിന്റെ സാന്നിധ്യം മാര്‍ക്കോയുടെ ജീവിതത്തില്‍ ഏറെ ആഴത്തില്‍ പ്രകടമായിരുന്നു എന്ന്  അമ്മ പൗള പറഞ്ഞു.

പര്‍വ്വതാരോഹണത്തെയും പ്രകൃതിയെയും സ്‌നേഹിച്ച, കൂട്ടുകാര്‍ക്കിടയില്‍ സന്തോഷം വിതറിയ ഈ കൗമാരക്കാരന്‍, ആധുനിക ലോകത്തിലെ യുവാക്കള്‍ക്ക് വിശുദ്ധിയുടെ ശ്രേഷ്ഠമായ മാതൃക നല്‍കുന്നു.
 

Tags

Share this story

From Around the Web