മാര്‍ച്ച് 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാര്‍ച്ച് 13 ഉപവാസ ദിനം; ആഹ്വാനവുമായി സിസിബിഐ
ന്യൂഡല്‍ഹി: മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം.
മധ്യപൂര്‍വ്വേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമത്തിനും അസ്ഥിരതയ്ക്കും മറുപടിയായി സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടണമെന്ന് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ എഴുതിയ സര്‍ക്കുലറില്‍ പറയുന്നു.
അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറില്‍ മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്.
ലോകസമാധാനത്തിനും അക്രമത്താലും സംഘര്‍ഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് മാര്‍ച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ കര്‍ദ്ദിനാള്‍ ഫെറാവോ ആഹ്വാനം ചെയ്തു.
2026 മാര്‍ച്ച് 8 ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ കര്‍ദ്ദിനാള്‍ ഫെറാവോ രാജ്യത്തുടനീളമുള്ള സഭയോട് അഭ്യര്‍ത്ഥിച്ചു.
ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്മാര്‍, സന്യാസിമാര്‍, വിശ്വാസികള്‍ എന്നിവരെ അഭിസംബോധന ചെയ്താണ് സര്‍ക്കുലറുള്ളത്. ഇറാനും അയല്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന വര്‍ദ്ധിച്ചുവരുന്ന ശത്രുതയിലും ആക്രമണത്തിലുമുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘര്‍ഷങ്ങള്‍ മനുഷ്യകുടുംബത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.