മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ, മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായിട്ട് അഞ്ച് വര്‍ഷം ; 100 പേര്‍ക്ക് വീട് നല്‍കും

 
MARTHOMA THRITIYAN

കോട്ടയം : ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷം പൂത്തിയാകുന്നതിനോടനുബന്ധിച്ച് നൂറ് പേര്‍ക്ക് വീടുവെച്ച് നല്‍കും. വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പകരം ഭവനരഹിതരായ നൂറ് പേര്‍ക്ക് വീടുവെച്ച് നല്‍കുന്നത്.

2021 ഒക്ടോബര്‍ 14-ന് പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തായുമായി തിരഞ്ഞെടുത്തത്. 

മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒക്ടോബര്‍ 14-ന് പരുമല സെമിനാരിയില്‍ സഭാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പൗരസ്ത്യ കാതോലിക്കായായി വാഴിക്കപ്പെട്ട ഒക്ടോബര്‍ 15ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ രാവിലെ 7 -ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

കാതോലിക്കാ ബാവായുടെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങള്‍ കോര്‍ത്തിണക്കി ഫാ.ബിജു പി തോമസ് എഡിറ്റ് ചെയ്ത കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന പുസ്തകം പ്രകാശനം ചെയ്യും. 

ഇടയവഴിയിലെ ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും മുഖമായ പരിശുദ്ധ കാതോലിക്കാ ബാവാ, സ്ഥാനമേറ്റെടുത്ത് 5 വര്‍ഷത്തിനകം 23 കോടി രൂപയാണ് സഹോദരന്‍ പദ്ധതിയിലൂടെ മാത്രം സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ വിനിയോഗിച്ചത്.

തന്റെ മുന്‍ഗാമിയുടെ ഓര്‍മയ്ക്കായി തുടങ്ങിയ ജീവകാരുണ്യ പദ്ധതിയായ സഹോദരന്‍ ഇന്ന് നനാജാതി മതസ്ഥരായ ആയിരങ്ങള്‍ക്ക് പ്രത്യാശയുടെ കിരണമാണ്. 

ആഗോള ക്രൈസ്തവ വേദികളില്‍ ഭാരതസഭയുടെ സജീവ സാന്നിധ്യമാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.. തുര്‍ക്കിയില്‍ നടന്ന നിഖ്യാ സുന്നഹദോസിന്റെ 1700 -ാം വാര്‍ഷികത്തില്‍ ലോക ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളില്‍ മുഖ്യാതിഥിയായി ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web