മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് സ്വീകരണം നല്‍കി

 
sebastine vaniyapurakka

കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ സ്വീകരണം നല്‍കി. 

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നൂറ്റിയൊന്ന് വയസ് പൂര്‍ത്തിയാക്കിയ പിതാവ് തൊമ്മന്‍ കൊച്ചിന്റെ സാന്നിധ്യം സ്വീകരണ സമ്മേളനത്തെ ഹൃദ്യമാക്കി. സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, കുടുംബാംഗങ്ങളായ വൈദികര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍ എത്തിയത്.


കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍,  മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, അല്മായ സന്യസ്ത പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷനായിരുന്നു. കാത്തിരപ്പള്ളി രൂപത അഭിമാനപൂര്‍വം സ്മരിക്കുന്ന മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ വ്യക്തി ബന്ധങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിന്റെ മാതൃക നല്‍കുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.

ഹൃദയത്തിനിണങ്ങിയ അജപാലകരെ നല്‍കുന്ന ദൈവം കല്യാണ്‍ അതിരൂപതയിലെ ദൈവജനത്തെ നയിക്കുവാന്‍ മികച്ച അജപാലകനെയാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.


പുതിയ ശുശ്രൂഷ ദൗത്യം ഏറ്റെടുക്കുന്ന തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മയുടെ സാഹോദര്യം പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നുവെന്നും മാര്‍ വാണിയപ്പുറയ്ക്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

 സന്യസ്തര്‍, രൂപതയിലെ ഫൊറോന വികാരിമാര്‍, വിവിധ തലങ്ങളിലുള്ള വൈദിക സന്യസ്ത അല്മായ പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

രൂപത ചാന്‍സലര്‍ റവ. ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web