കുടമാളൂര്‍ പളളിയിലെ വിശുദ്ധവാരച്ചടങ്ങുകള്‍ക്ക് മാര്‍ റാഫേല്‍ തട്ടിലും മാര്‍ തോമസ് തറയിലും
കോട്ടയം: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തിലെ പീഡാനുഭവ വാരാചരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാരാചരണം മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ അഞ്ചു വരെ വിവിധ ചടങ്ങുകളോടെ നടക്കും.
നാല്‍പ്പതാം വെള്ളിയാഴ്ചയായ 27ന് രാവിലെ 6.15-ന് പ്രഭാത പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 4.15-ന് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശിന്റെ വഴി.
ഓശാന ഞായറിന് ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. ജോര്‍ജ് മംഗലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. പെസഹാവ്യാഴം പുലര്‍ച്ചെ 5.45-ന് നീന്തല്‍ നേര്‍ച്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തമുക്ക് നേര്‍ച്ച.
ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് കുരിശിന്റെ വഴി. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ തിരുക്കര്‍മ്മങ്ങളും തുടര്‍ന്ന് നഗരികാണിക്കല്‍ പ്രദക്ഷിണവും. വൈകുന്നേരം 6.15-ന് കുരിശിന്റെ വഴിയും 7.15-ന് പീഡാനുഭവ പ്രദര്‍ശന ധ്യാനവും നടക്കും.