വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി മാർ റാഫേൽ തട്ടിൽ
വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ സീറോമലബാര്‍ അപ്പോസ്‌തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.
സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പോസ്‌തോലിക് വിസിസ്റ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും വൈദികരും സമര്‍പ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. സാര്‍വത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു തീര്‍ത്ഥാടനം.
മാര്‍ റാഫേല്‍ തട്ടില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചു തന്റെ അജപാലന ശു ശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്കായി ദൈവത്തിന്റെ കരുണയും കൃപയും അപേക്ഷിച്ചു.
ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ തീര്‍ത്ഥാടനം ജൂബിലി വര്‍ഷത്തിലെ അവിസ്മരണീയ നിമിഷമായി മാറി.
തീര്‍ത്ഥാടനത്തെ തുടര്‍ന്ന്, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മേജര്‍ ആര്‍ച്ചുബിഷപ് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി.
മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.