മാര്‍ പോള്‍ മൂന്നാമന്‍ നോന കല്‍ദായ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്
റോം: ഇറാക്ക് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ആര്‍ച്ചുബിഷപ് അമല്‍ ഷമോണ്‍ നോനയെ തിരഞ്ഞെടുത്തു. മാര്‍ പോള്‍ മൂന്നാമന്‍ നോന എന്ന പേരാണ് പുതിയ പാത്രിയാര്‍ക്കീസ് സ്വീകരിച്ചിരിക്കുന്നത്.
പാത്രിയാര്‍ക്കീസായിരുന്ന കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ രാജി പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്ന് റോമില്‍ നടന്ന കല്‍ദായ സഭാ സിനഡിലാണ് സഭയുടെ പുതിയ അമരക്കാരനെ തിരഞ്ഞെടുത്തത്. ഇറാക്കിലും ലോകമെമ്പാടുമുള്ള കല്‍ദായ വിശ്വാസികളുടെ ആത്മീയ നേതാവായി ഇനി മാര്‍ പോള്‍ മൂന്നാമന്‍ നോന പ്രവര്‍ത്തിക്കും.
1967-ല്‍ വടക്കന്‍ ഇറാക്കിലെ അല്‍ഖോഷില്‍ ജനിച്ച ആര്‍ച്ചുബിഷപ് നോന ബാഗ്ദാദിലെ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കിയ ശേഷം റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 2009-ല്‍ മൊസൂള്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. 2014-ല്‍ ഐസിസ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ വിശ്വാസികളോടൊപ്പം പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് രൂപതകളുടെ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.
ഇറാക്കിലെ രാഷ്ട്രീയ അസ്ഥിരതയും സഭയ്ക്കുള്ളിലെ വെല്ലുവിളികളും അതിജീവിച്ച് പുതിയ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കല്‍ദായ സഭ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.