മനോഭാവങ്ങളില്‍ മാറ്റം ഉണ്ടാകണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രൈറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ പ്രതിനിധി സമ്മേളനം നടത്തി

ബര്‍മിംഗ്ഹാം:നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍നല്‍കിയ വചന സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്ന നിലയില്‍ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തില്‍ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാന്‍ സാധിക്കൂ, നാം അര്‍പ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയില്‍ ഉള്ള മുഴുവന്‍ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനിധികള്‍ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ബര്‍മിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള ഔര്‍ ലേഡി ഓഫ് അസ്സപ്ഷന്‍ ദേവാലയത്തിലും ആണ് നടന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 6 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒന്‍പതരയ്ക്ക് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെആരംഭിച്ച സമ്മേളനത്തില്‍ ഖുത്താ പ്രാര്‍ഥനയും പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലശ്ശേരി വി സി,കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജിബിന്‍ വാമറ്റത്തില്‍, മറ്റു വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാ ജിബിന്‍ വമാറ്റത്തില്‍ കുടുംബ കൂട്ടായ്മയുടെ കടമകളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു. കഴിഞ്ഞ ആറ് വര്‍ഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നല്‍കിയ കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോഡിനേറ്റര്‍ ഷാജി തോമസ്, സെക്രെട്ടറി റെനി സിജു , പി ആര്‍ ഓ വിനോദ് തോമസ് , പുതിയ ഭാരവാഹികള്‍ ആയ ഡോ മനോ തോമസ് , ജെയ്‌നി ചാക്കോച്ചന്‍ , ജിനു പോള്‍, ഷീബ ബാബു , സീനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷന്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.