പിണറായി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 
mar joseph kallaragattu

പാലാ: സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളുംവിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇതു നാടിന് ഭീഷണിയാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

 കേരള കത്തോലിക്കാ സഭയുടെ മദ്യ ലഹരിവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി പാലാ രൂപത സമ്മേളനം ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം മൂലം പല ഭവനങ്ങളും സംഘര്‍ഷഭരിതമാകുന്നു. ലഹരിമൂലം ഒരു തലമുറ നശിച്ചുപോകുന്നതായാണ് നമ്മള്‍ കാണുന്നത്.

 ഈ തിന്മയ്ക്കെതിരേ പോരാടിയില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന്റെ കുലീനത നഷ്ടമാകും. നിശ്ചയദാര്‍ഢ്യത്തോടുകൂടി ഈ ലഹരിക്കെതിരേ നമ്മള്‍ ഇടപെടണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

ബാറുകള്‍ 29ല്‍ നിന്ന് 1016 ആയി. കള്ളുഷാപ്പുകള്‍ 5171 ആയി. ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാനൂറിധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വര്‍ധിപ്പിച്ചതും മദ്യത്തിന് പേരിടാന്‍ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. 

ചോദിക്കുന്നവര്‍ക്കെല്ലാം മദ്യശാലകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതു തിരുത്തണമെന്നും മാര്‍ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. 

വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മാണി സി. കാപ്പന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, ഷോണ്‍ ജോര്‍ജ്, ഫാ. ജോസഫ് തടത്തില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ് മൂലേച്ചാലില്‍, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web