കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വലിയ ശ്രദ്ധയും കരുതലും ഹൈറേഞ്ച് മേഖലയോട് ആയിരുന്നു. 1977 മുതല്‍ 2003 വരെ അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായിരുന്നുകൊണ്ട് അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്ക് പൊതുസമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു; മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
വിപുലമായ പരിപാടികളോടെയാണ് രൂപതാ കുടുംബം മാര്‍ പുന്നക്കോട്ടിലിന് ആദരവുകള്‍ അര്‍പ്പിച്ചത്. മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷ മായ സമൂഹ ബലിയില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മ്മികരായി.
രൂപതയിലെ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതയിലെ സമര്‍പ്പിത സമൂഹത്തിന്റെ പ്രതിനി ധിയായി തിരുഹൃദയ സന്യാസിനി സമൂഹം ഇടുക്കി നവജ്യോതി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ടെസ്‌ലിന്‍ എസ്.എച്ച്, രൂപതയിലെ അല്മായ പ്രതിനിധി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ സംസാരിച്ചു.
രൂപതാ ചാന്‍സലര്‍ റവ.ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.