സഭയ്ക്കും സമൂഹത്തിനും മാര്‍ ജേക്കബ് തൂങ്കുഴി നല്‍കിയതു സമാനതകളില്ലാത്ത സംഭാവനകള്‍: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
rafel thattil


കോഴിക്കോട്: സഭയ്ക്കും സമൂഹത്തിനും മാര്‍ ജേക്കബ് തൂങ്കുഴി നല്‍കിയതു സമാനതകളില്ലാത്ത സംഭാവനകളായിരിന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കോഴിക്കോട് കോട്ടൂളിയിലെ എസ്‌കെഡി ജനറലേറ്റില്‍ ചേര്‍ന്ന മാ ര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് വാക്കുകള്‍കൊണ്ടു വിവരിക്കാന്‍ കഴിയാത്തവിധം വലുപ്പമുള്ള വാത്സല്യനിധിയായ പിതാവായിരുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

സഭയ്ക്കും സമൂഹത്തിനും മാര്‍ ജേക്കബ് തൂങ്കുഴി നല്‍കിയതു സമാനതകളില്ലാത്ത സംഭാവനകളാണ്. 

ദൈവജനത്തോടു ചേര്‍ന്നുനിന്ന് അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേര്‍ന്ന ഇടയനായിരുന്നു മാര്‍ തൂങ്കുഴി ലാളിത്യവും സ്‌നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിത ശൈലിയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സഭയ്ക്ക് എപ്പോഴും വഴികാട്ടിയാണ്. 

മറ്റുള്ളവരെ കേള്‍ക്കുന്നതില്‍ തൂങ്കുഴി പിതാവ് കാണിച്ച അനിതരസാധാരണമായ മനസ് അനുകരണീയമായിരുന്നു.

ഓരോ കേള്‍വിയും ഓരോ ഗര്‍ഭധാരണമാണെന്നു പിതാവ് പറയുമായിരുന്നു. ഹൃദയവിശാലതയുള്ള, വിശാലമായ കാഴ്ചപ്പാടുള്ള ആത്മീയാചാര്യനായിരുന്നു പിതാവ്. ഒരു അമ്മയെപ്പോലെ വൈദികന്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവനാകണമെന്നു പിതാവ് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. നല്ല ഇടയനെക്കു റിച്ചുള്ള തിരുവചനങ്ങളെല്ലാം പിതാവിന് അനുയോജ്യമാണ്.

താലന്തുകള്‍ വര്‍ധിപ്പിച്ച വിവേകമതിയായ വിശ്വസ്തദാസനായിരുന്നു അദ്ദേഹം. എവിടെയൊക്കെ ജോലി ചെയ്തുവോ അവിടെയൊക്കെ താ ലന്തുകള്‍ വര്‍ധിപ്പിക്കാന്‍ ആ വിനീത ദൈവദാസന് കഴിഞ്ഞു. 

കണ്ണുനീരിന്റെ കല്‍ഭരണികളില്‍ മാധുര്യമുള്ള വീഞ്ഞുനിറയ്ക്കുന്നവരാകണം വൈദികരെന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാണിച്ചുതന്ന ശ്രേഷ്ഠനായിരുന്നു തൂങ്കുഴി പിതാവെന്നും മാര്‍ റാഫേല്‍ തട്ടില്‍ അ നുസ്മരിച്ചു.

വിശുദ്ധ കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാ ടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് ഇലവനാല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. അനുസ്മരണ സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, താമരശേരി രൂപത വികാ രി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, എസ്എച്ച് കോണ്‍ഗ്രിഗേഷന്‍ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, ജോസ് പുന്നക്കുഴി, തൂങ്കുഴി കുടുംബയോഗം സെക്രട്ടറി മാത്യു സക്കറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്‌കെഡി മദര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍ സ്വാഗതവും സിസ്റ്റര്‍ മെറീന കുറ്റിയാനിക്കല്‍ എസ്‌കെഡി നന്ദിയും പറഞ്ഞു. മാര്‍ ജേക്കബ് തൂ ങ്കുഴിയെക്കുറിച്ചുള്ള പുസ്തകം ബിഷപ് എമരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടിലിനു നല്‍കി പ്രകാശനം ചെയ്തു. 

മാര്‍ ജേക്കബ് തൂങ്കുഴി മെമ്മോറിയല്‍ വിദ്യാഭ്യാസ ഫണ്ട് ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് ഇലവനാല്‍ സിസ്റ്റര്‍ മെര്‍ലി മഞ്ഞപ്പള്ളിലിനു കൈമാറി ഉദ്ഘാടനം ചെയ്തു.

Tags

Share this story

From Around the Web