മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

 
MAR ANDRES


തൃശൂര്‍: ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ അതിരൂപത അധ്യക്ഷസ്ഥാനം ഒഴിയുന്നു. കത്തോലിക്കാ സഭയില്‍ മെത്രാന്‍മാര്‍ക്കും ആര്‍ച്ച്ബിഷപ്പുമാര്‍ക്കും സ്ഥാനമൊഴിയാനുള്ള പ്രായപരിധി 75 വയസാണ്. 


ഡിസംബര്‍ 13ന് മാര്‍ താഴത്തിന് 75 വയസ് പൂര്‍ത്തിയാകും. പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മാര്‍ താഴത്ത്, അധ്യക്ഷ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനു കത്ത് നല്‍കി. സഭാ സിനഡായിരിക്കും രാജി ഔദ്യോഗികമായി അംഗീകരിക്കുക.

സിനഡിലെ അംഗമായ ഞാന്‍ ഉള്‍പ്പെട്ട സമിതിയാണു രാജി അംഗീകരിക്കേണ്ടത്. എന്റെ രാജി നിര്‍ബന്ധമായും സ്വീകരിക്കാന്‍ ആവശ്യപ്പെടും. അടുത്ത സിനഡില്‍ പുതിയ മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലും അഭിമാനത്തിലുമാണു മുന്നോട്ടു പോകുന്നതെന്നും മാര്‍ താഴത്ത് പറഞ്ഞു.

 ജനുവരിയില്‍ നടക്കുന്ന സിനഡില്‍ പുതിയ ആര്‍ച്ച്ബിഷപ്പിനെ തീരുമാനിക്കുമെന്നാണു സൂചന. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ ആര്‍ച്ച് ബിഷപ്പിന് മാര്‍പാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഔദ്യോഗിക പ്രഖ്യാപനവും തുടര്‍ന്ന് സ്ഥാനാരോഹണവും നടക്കും.

1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 

2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

പെര്‍മനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web