നിരവധി സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ഗാസയിലെ പ്രശ്‌നപരിഹാരം വൈകിപ്പിക്കുന്നു: കര്‍ദ്ദിനാള്‍ പരൊളീന്‍

വത്തിക്കാന്‍:ലിയോ പതിനാലാമന്‍ പാപ്പായുടെയും വിശുദ്ധ നാട്ടിലെ പാത്രിയര്‍ക്കീസുമാരുടെയും പ്രസ്താവനകള്‍ പങ്കുവച്ചും, ഗാസായിലെ പ്രശ്‌നപരിഹാരത്തിനായി സ്വരമുയര്‍ത്തിയും കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍. ഗാസാ പ്രശ്‌നത്തിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഏറെയുണ്ടെങ്കിലും, പലരുടെയും രാഷ്ട്രീയ, സാമ്പത്തിക, അധികാര താത്പര്യങ്ങളാണ് അതിന് തടസ്സമായി നില്‍ക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി അപലപിച്ചു.
വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 27-ന് വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള ബസലിക്കയില്‍ വിശുദ്ധ ബലിയര്‍പ്പിക്കാനെത്തിയ അവസരത്തില്‍, പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗാസായില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അവിടെയുള്ള ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശ്വാസികളോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും, പ്രദേശത്തുള്ള സമര്‍പ്പിതരുടെയും ക്രൈസ്തവവിശ്വാസികളുടെയും സുരക്ഷയെ സംബന്ധിച്ചും സംസാരിക്കവെ, ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തികളുമാണെന്നും, എന്നാല്‍ അവിടെത്തന്നെ തുടരാനുള്ള ആളുകളുടെ തീരുമാനം ശക്തമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസാ പ്രശ്‌നവും നയതന്ത്ര ഇടപെടലുകളും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ഇതുസംബന്ധിച്ച് എംബസ്സി വഴി അമേരിക്കന്‍ ഭരണകൂടവുമായി പരിശുദ്ധ സിംഹാസനം ബന്ധപ്പെടുന്നുണ്ടെന്നും, ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദെയോന്‍ സആറിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് ശേഷം, ലിയോ പാപ്പാ ആവശ്യപ്പെട്ടിരുന്നതുപോലെ വെടിനിറുത്തല്‍ ഉണ്ടാകുമെന്നും, പ്രദേശത്ത് സുരക്ഷിതമായി മാനവികസഹായമെത്തിക്കുന്നത് സാധ്യമാകുമെന്നും, അന്താരാഷ്ട്രമാനവികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും, കൂട്ടയായ ശിക്ഷ ഉണ്ടാകില്ലെന്നുമാണ് താനും പ്രതീക്ഷിക്കുന്നതെന്നും വത്തിക്കാന്‍ നയതന്ത്രജ്ഞന്‍ കൂടിയായ കര്‍ദ്ദിനാള്‍ പരൊളീന്‍ പ്രസ്താവിച്ചു.
ഗാസായില്‍നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെ, ഇസ്രായേല്‍ ഗവണ്മെന്റ് തങ്ങളുടെ അഭിപ്രായത്തില്‍നിന്ന് പിന്നോട്ടുപോകുന്ന ലക്ഷണങ്ങള്‍ ഒന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ വലിയ ശുഭപ്രതീക്ഷകള്‍ ഇല്ലെന്നും, എന്നാല്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ അഭിപ്രായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരണവും നാശവും വിതച്ചുകൊണ്ട് വിശുദ്ധനാട്ടില്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും തടവുകാരായി പിടിച്ചുകൊണ്ടുപോയവരെ വിട്ടയക്കാനും ഓഗസ്റ്റ് 27 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ ലിയോ പാപ്പാ അഭ്യര്‍ത്ഥന നടത്തിയതും, നിലവിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കും യുദ്ധത്തിനും അറുതിവരുത്തണമെന്നും ആളുകളുടെ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലത്തീന്‍ പാത്രിയര്‍ക്കീസുമാര്‍ നടത്തിയ സംയുക്തപ്രസ്താവനയും കര്‍ദ്ദിനാള്‍ പരൊളീന്‍ പരാമര്‍ശിച്ചു.