കംബോഡിയയിൽ നിരവധി ആളുകൾ ജ്ഞാനസ്നാനം സ്വീകരിച്ചു
നിരവധി യുവാക്കളും, മുതിർന്നവരും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നത്, കംബോഡിയയിലെ ചെറിയ കത്തോലിക്കാ സമൂഹത്തിനു ഭാവിയിലേക്ക് ഏറെ പ്രത്യാശ നൽകുന്നുവെന്ന് ബട്ടാംബാങ്ങിലെ അപ്പസ്തോലിക പ്രീഫെക്റ്റ് ഫാ. എൻറിക് ഫിഗറെദോ ഫീദെസ് വാർത്താ ഏജൻസിയോട് പങ്കുവച്ചു. ഇതിനർത്ഥം, യുവജനങ്ങൾ, ദൈവത്തിന്റെ വിളി ശ്രദ്ധിക്കുകയും അവനെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിലെ സംഘർഷാവസ്ഥ, കുടിയിറക്കപ്പെട്ട ആളുകൾ, തൊഴിലില്ലായ്മ, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയാൽ വളരെയധികം കഷ്ടപ്പെടുന്ന കംബോഡിയയിലെ ജനതയ്ക്ക്, യുവജനങ്ങളുടെ, സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും, മൂല്യങ്ങളും ആശയങ്ങളും ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കംബോഡിയയിൽ ഇപ്പോൾ ആകെ ഉള്ളത് ഇരുപതിനായിരം കത്തോലിക്കാ വിശ്വാസികളാണ്. ബുദ്ധമത ജനസംഖ്യയുടെ 0.15% മാത്രമാണ് കത്തോലിക്കർ ഉളളത്. തലസ്ഥാനമായ നോം പെനിൽ, തകേയോ പ്രവിശ്യയിലെ ചാംകറിൽ, 152 ആളുകൾക്കും, കമ്പോങ് ചാമിലെ അപ്പസ്തോലിക പ്രിഫെക്ചറിൽ 131 ആളുകൾക്കും, ബട്ടാംബാങ്ങിലെ അപ്പസ്തോലിക പ്രിഫെക്ചറിൽ 92 ആളുകൾക്കും, ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം നൽകി, കത്തോലിക്കാ സഭയിലേക്ക് സ്വാഗതം ചെയ്തു.