മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ജാമ്യത്തില്‍ വിട്ടയക്കും

 
SAUBIN SHAHEER


കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. 

മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 


പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാല്‍ ലാഭവിഹിതം നല്‍കിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിന്റെ പ്രതികരണം. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. 


 എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.

Tags

Share this story

From Around the Web