മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പൂരില്‍ 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതവും വംശീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായി മണിപ്പൂര്‍ കലാപം അന്വേഷിക്കുന്നതിനായി 2024-ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
കഴിഞ്ഞ 20നാണ് ട്രൈബ്യൂണല്‍ 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സ്ഥാപിച്ച ട്രൈബ്യൂണലില്‍ ജസ്റ്റിസ് കെ. കണ്ണന്‍, ജസ്റ്റിസ് അഞ്ന പ്രകാശ്, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദേവസഹായം, സ്വരാജ് ബീര്‍സിംഗ്, ഉമാ ചക്രവര്‍ത്തി, വിര്‍ജിനിയസ് സാക്സ്, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ആകാശ് പട്ടേല്‍ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.
സംസ്ഥാന ഭരണകൂടത്തിന്റെ നിസംഗതയുടെയും സ്വയം പ്രതിരോധിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയതിന്റെയും അനുഭവങ്ങളാണ് ട്രൈബ്യൂണലിന് അതിജീവിതരില്‍നിന്നും കേള്‍ക്കാനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുണ്ട്. സംസ്ഥാനം നിയമവാഴ്ചക്കും ഭരണഘടനക്കും കീഴില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കലാപത്തിന് മൗനാനുവാദം നല്‍കിയെന്നാണ് അക്രമത്തിന് ഇരകളായവര്‍ കരുതുന്നത്. അതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകളും അവര്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു.
കലാപത്തില്‍ പങ്കെടുത്ത ഭരണകക്ഷിയോട് അനുഭാവമുള്ള ചില തീവ്രവാദ ഗ്രൂപ്പുകളോട് പോലീസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സംഘടനകളിലെ അംഗങ്ങള്‍ കാര്യമായി അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്നത്തെ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്രിസ്ത്യാനികളായ കുക്കികള്‍ മയക്കുമരുന്ന് കൃഷിചെയ്യുന്നവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുക്കികള്‍ക്കെതിരെ പൊതുവികാരം രൂപംകൊള്ളുന്നതിന് കാരണമായെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.
അക്രമം, സുരക്ഷാസേനയുടെ പങ്ക്, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ അന്വേഷിക്കാന്‍ സുപ്രീകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയമിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താനായി മണിപ്പൂരിന് പുറത്തുനിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ എസ്ഐടി മാസംതോറും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ടു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.