മണിമല ബൈബിള്‍ കണ്‍വന്‍ഷന് ഇന്നു തുടക്കമാകും
മണിമല: ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ചരിത്രപ്രസിദ്ധമായ 49-ാമത് മണിമല ബൈബിള്‍ കണ്‍വന്‍ഷന് ഇന്നു തുടക്കമാകും.
വൈകുന്നേരം 5.30ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.15ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ റവ.ഡോ. അലോഷ്യസ് കുളങ്ങര നയിക്കും.വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി ഒമ്പതിന് ആരാധനയോടെ സമാപിക്കും.
അഞ്ചിന് ഗതാഗത നിയന്ത്രണം
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിലെ തിരുനാള്‍ പ്രദക്ഷിണത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
അഞ്ചിന് വൈകുന്നേരം 6.30 മുതല്‍ രാത്രി എട്ടുവരെയാണ് ഗതാഗത നിയന്ത്രണം. റാന്നി ഭാഗത്തുനിന്നു പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പൊന്തന്‍പുഴ, ചാരുവേലി, പഴയിടം വഴി പോകേണ്ടതാണ്.
റാന്നി ഭാഗത്തുനിന്നു ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പൊന്തന്‍പുഴ-ചുങ്കപ്പാറ-കോട്ടാങ്ങല്‍ വഴിയും പൊന്തന്‍പുഴ-ചുങ്കപ്പാറ-കോട്ടാങ്ങല്‍-കടുക്കടവ് പാലം -ആനക്കല്ല്-പൊട്ടുകുളം, പ്ലാക്കല്‍പടി വഴിയും പൊന്തന്‍പുഴ-ചുങ്കപ്പാറ-കോട്ടാങ്ങല്‍-കടുക്കടവ് പാലം-മൂങ്ങാനി വഴിയും പോകാവുന്നതാണ്.
റാന്നി ഭാഗത്തുനിന്നു കൊടുങ്ങൂര്‍-പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാരുവേലി-പഴയിടം വഴി മൂലേപ്ലാക്കല്‍ എത്തി പോകേണ്ടതാണ്.