വിവാഹിതരായ സ്ത്രീകള്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം
ആലപ്പുഴ: ആധാര്‍ കാര്‍ഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) പുതുക്കി.
പേരിനോടൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉള്‍പ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ കര്‍ശനമായി വിലക്കി. സ്ത്രീകള്‍ക്ക് വിവാഹശേഷമോ വിവാഹമോചന ശേഷമോ പേരുതിരുത്താന്‍ തിരിച്ചറിയല്‍രേഖയ്ക്കു പുറമേ സത്യവാങ്മൂലവും നല്‍കണം.
തിരിച്ചറിയല്‍ രേഖയിലെ അക്ഷരവിന്യാസവും ക്രമവും അനുസരിച്ചായിരിക്കും ആധാറില്‍ പേര് പുതുക്കാനാകുക. മിസ്റ്റര്‍, ഡോക്ടര്‍, കേണല്‍ തുടങ്ങിയ സ്ഥാനപ്പേരുകള്‍ ഒഴിവാക്കാന്‍ തിരിച്ചറിയല്‍ രേഖ വേണം. ഡോട്ട്, അനാവശ്യ വലിയ അക്ഷരങ്ങള്‍ എന്നിവ നീക്കാന്‍ രേഖ ആവശ്യമില്ല.
ഇനിഷ്യലുകളുടെ വികസിപ്പിക്കലും ചുരുക്കലും, മിഡില്‍ നെയിം ചേര്‍ക്കലും ഒഴിവാക്കലും, ക്രമം മാറ്റല്‍, അക്ഷരങ്ങളിലെ ചെറിയ വ്യത്യാസങ്ങള്‍ എന്നിവ തിരുത്തുന്നതിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം.
മുന്‍പു നല്‍കിയ രേഖയിലെ പേര് ശരിയായിരുന്നിട്ടും ആധാറില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ രേഖയ്‌ക്കൊപ്പം സത്യവാങ്മൂലവും നല്‍കണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതു ബാധകമാണ്.
പേര് പൂര്‍ണമായി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം. സത്യവാങ്മൂലം ജുഡീഷ്യല്‍, എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണം.
ആധാറിലെ പേര് ഇനി വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തണമെന്നും സേവനകേന്ദ്രങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
നിലവില്‍ ആദ്യത്തെ അക്ഷരം മാത്രമാണ് വലുത് നല്‍കുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നു.